മാനന്തവാടി: മഴ കനത്തതോടെ മാനന്തവാടി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. താലൂക്കിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പ് പനമരത്ത് തുടങ്ങി.
മാത്തൂർ വയൽ, നെല്ലിയാട്ട് കോളനികളിലെ 20 ആദിവാസി കുടുംബങ്ങളെയാണ് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. മാനന്തവാടി വില്ലേജിലെ ഇല്ലത്തു വയലിൽ നിന്നും അഞ്ച് കുടുംബങ്ങളിൽ നിന്നായി 15 പേരെ അമൃത സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു.
പാൽച്ചുരം ഒന്നാം വളവിൽ ചൊവ്വാഴ്ച രാത്രിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെയോടെയാണ് കല്ലും മണ്ണും നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. യവനാർകുളത്ത് കാവുങ്കൽ പ്രകാശന്റെ വീട്ടിലേക്ക് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണതിനെ തുടർന്ന് അപകട ഭീഷിണി നേരിടുകയാണ്. പുഞ്ചക്കടവ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കരിന്തിരിക്കടവിൽ റോഡിൽ വെള്ളം കയറിയതോടെ പെരുവക കമ്മന റോഡിൽ ഗതാഗതം തടസപ്പെട്ടു. ഒണ്ടയങ്ങാടിയിലെ അപകട ഭീഷണിയിലായ മരക്കൊമ്പ് അഗ്നിരക്ഷ യൂനിറ്റെത്തി നീക്കി. പയ്യമ്പള്ളി മൂട്രക്കൊല്ലിയിലും തോണിച്ചാൽ അംഗൻവാടിയുടെയും കിണർ ഇടിഞ്ഞ് താഴ്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.