മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ചക്കിണിയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. പ്രദേശത്ത് വ്യാപക കൃഷിനാശം. താമരശ്ശേരി കൂടരഞ്ഞി പുളിക്കല്‍ രാജുവിന്റെ കൃഷിയിടത്തിലെ കുലച്ച വാഴകളാണ് കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്. ഒമ്പതു വര്‍ഷത്തോളമായി തിരുനെല്ലിയില്‍ വാഴക്കൃഷി നടത്തുകയാണ് രാജു. എട്ടേക്കറില്‍ നാലായിരത്തോളം വാഴകളാണ് ഇത്തവണ കൃഷിയിറക്കിയത്. ആനക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ കുലച്ച വാഴയുള്‍പ്പെടെ നൂറുകണക്കിന് വാഴക്കുലയാണ് ചവിട്ടിമെതിച്ചത്.
സ്ഥലം പാട്ടത്തിനെടുത്ത് വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയതെന്നും, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും രാജു പറഞ്ഞു. തോട്ടം ചവിട്ടിമെതിച്ച കാട്ടാനകള്‍ വാഴകള്‍ക്ക് താങ്ങായി കെട്ടിയ കയറുകളും നശിപ്പിച്ചിട്ടുണ്ട്. തോല്‍പ്പെട്ടി ഡെപ്യൂട്ടി റേഞ്ചര്‍ പി. ഉണ്ണിയുടെ നേതൃത്വത്തില്‍ കൃഷിയിടം സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി. സന്ധ്യയോടെ കൃഷിയിടത്തിലെത്തുന്ന കാട്ടാനക്കൂട്ടം രാവിലെയായാല്‍ മാത്രമേ തോട്ടത്തില്‍ നിന്ന് മടങ്ങുന്നുള്ളൂ. വൈദ്യുത കമ്പിവേലികള്‍ തകര്‍ത്താണ് ആനക്കൂട്ടം എത്തുന്നത്. കാട്ടാന ശല്യം രൂക്ഷമായതിനാല്‍ രാത്രിയാവുന്നതോടെ പ്രദേശത്ത് ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്.
അടിയന്തരമായി പ്രദേശത്ത് വനപാലകരുടെ നിരന്തരമായ സാന്നിധ്യമുണ്ടാകണമെന്നും, കൂടുതല്‍ വാച്ചര്‍മാരെ നിയമിച്ച് ജീവനും സ്വത്തിനും സംരക്ഷണമുറപ്പുവരുത്തണമെന്നുള്ള ആവശ്യത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.