മാനന്തവാടി: കാട്ടിക്കുളം ടൗണിലെ തിരുനെല്ലി പൊലീസ് സ്റ്റേഷൻ എയ്ഡ് പോസ്റ്റ് രാത്രിയിൽ അടച്ചിടാൻ തീരുമാനം. ജില്ലയിൽ അടുത്തിടെ സായുധ മാവോവാദി സംഘവും തണ്ടർബോൾട്ടും തമ്മിലുണ്ടായ വെടിവെപ്പിന്റെയും രണ്ട് മാവോവാദികൾ പിടിയിലായതിന്റെയും പശ്ചാത്തലത്തിൽ വനാതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദികളുടെ നീക്കമുണ്ടാകാൻ ഇടയുണ്ടെന്ന സാധ്യത മുൻനിർത്തിയാണ് നടപടിയെന്നാണ് സൂചന.
രാത്രി ഏഴു മുതൽ രാവിലെ എഴു വരെ എയ്ഡ് പോസ്റ്റ് പൂർണമായും അടച്ചു പൂട്ടിയിടാനാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശം. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരോട് ഈ സമയങ്ങളിൽ തുടർച്ചയായി വാഹനത്തിൽ രാത്രികാല നിരീക്ഷണം നടത്താനും നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി കാട്ടിക്കുളം എയ്ഡ് പോസ്റ്റ് രാത്രി അടച്ചിടുകയാണ്. നിരവധിയാളുകൾ സേവനങ്ങൾ തേടിയെത്തുന്ന പ്രസ്തുത പൊലീസ് എയ്ഡ് പോസ്റ്റ് രാത്രിയിൽ അടച്ചു പൂട്ടുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. എന്നാൽ, പൊതുജനത്തിന് സേവനം തടസ്സപ്പെടില്ലെന്നും ഏത് ആവശ്യത്തിനും നൈറ്റ് പട്രോളിങ് ഉദ്യോഗസ്ഥരുടെ സേവനമുണ്ടായിരിക്കുമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.