മാനന്തവാടി: തലപ്പുഴ കമ്പമലയിൽ വന വികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് അടിച്ചു തകർക്കുകയും നിരന്തര സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്ത മാവോവാദികളെ പിടികൂടാനുള്ള പൊലീസ് നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഹെലികോപ്ടർ, ഡ്രോൺ പരിശോധനകളും വാഹന പരിശോധനകളും നടത്തും. വാഹന പരിശോധനയും ഡ്രോൺ പരിശോധനകളും ദിവസങ്ങളായി നടന്നു വരുന്നുണ്ട്.
തിങ്കളാഴ്ച മുതൽ ഹെലികോപ്ടർ സഹായവും തേടി. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്ടർ ചാലക്കുടിയിൽ നിന്നും അരീക്കോട് എത്തിച്ച് അവിടെ നിന്നും വൈകീട്ട് 3.25ഓടെ തലപ്പുഴ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ പറന്നിറങ്ങി. ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കണ്ണൂർ റേഞ്ച് ഐ.ജി തോംസൺ ജോസ് എന്നിവരായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
തുടർന്ന് ഇവരുടെ നേതൃത്വത്തിൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ ഉന്നതതല യോഗം ചേർന്നു. 3.45 ഓടെ ആരംഭിച്ച യോഗം ഒരു മണിക്കൂർ നീണ്ടു. ഭീകരവിരുദ്ധ സേന എസ്.പി സി.എസ്. ഷാഹുൽ ഹമീദ്, ജില്ല പൊലീസ് മേധാവി പഥം സിങ്, ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു, എൻ.ഒ. സിബി, എം.ഡി. സുനിൽ എന്നിവർ പങ്കെടുത്തു. ഹെലികോപ്ടർ അടുത്ത നാലു ദിവസം കൂടി ജില്ലയിൽ തങ്ങും. വനാതിർത്തി മേഖലകളിൽ പരിശോധന നടത്താനാണ് ഹെലികോപ്ടർ ഉപയോഗിക്കുക. വൈകീട്ട് അരീക്കോട്ടേക്ക് മടങ്ങിയ ഹെലികോപ്ടർ ചൊവ്വാഴ്ചയും തിരച്ചിൽ നടത്തും.
കൽപറ്റ: മാവോവാദി ഓപറേഷനുമായി ബന്ധപ്പെട്ട് വിവിധതലത്തിൽ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് നടപടി തുടങ്ങിയതായി ജില്ല പൊലീസ് മേധാവി പഥം സിങ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കമ്പമലയില്‍ തുടര്‍ച്ചയായി മാവോവാദികൾ എത്തുന്നത് തടയാൻ രാത്രി നിരീക്ഷണമടക്കം ശക്തമാക്കിയിട്ടുണ്ട്. വനാതിർത്തി പ്രദേശങ്ങളിലടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്പെഷൽ തണ്ടർബോൾട്ട്, ത്രീ ലെവല്‍ പട്രോളിങ് എന്നിവ നടത്തും. ഡ്രോണ്‍ പട്രോളിങ് തുടങ്ങി. പരിശോധിക്കാനായി ഹെലികോപ്ടര്‍ സജ്ജമായി. തമിഴ്നാട്, കര്‍ണാടക എന്നിവരുമായി ജോയന്റ് ഓപറേഷനും നടത്താൻ ആലോചനയുണ്ട്. കൂടാതെ വാഹന പരിശോധനയും മറ്റും കര്‍ശനമാക്കുകയും ചെയ്യുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
മാനന്തവാടി: വയനാട്ടിലെ മാവോവാദികളെ പിടികൂടുന്നതിനായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ സഹായം തേടുമെന്ന് ഭീകരവിരുദ്ധ സേന ഡി.ഐ.ജി പുട്ട വിമലാദിത്യ പറഞ്ഞു. തലപ്പുഴയിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വനാതിർത്തികൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാന പരിശോധന. കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഡി.ഐ.ജി തോംസൺ ജോസും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.