മാനന്തവാടി: മഞ്ഞുപുതച്ച വനപാതയിലൂടെയൊരു കെ.എസ്.ആർ.ടി.സി യാത്ര. മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നും ആരംഭിച്ച മോണിങ് ജംഗിൾ സഫാരിയാണ് ഇതര ജില്ലകളിൽനിന്നും വയനാട്ടിലെത്തിയ സഞ്ചാരികൾക്ക് പുതിയ അനുഭവമായി മാറിയത്.
ജില്ലയിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ രണ്ടാമത്തെ ജംഗിൾ സഫാരിയാണ് ബുധനാഴ്ച മാനന്തവാടിയിൽ തുടക്കമായത്. സുൽത്താൻ ബത്തേരി ഡിപ്പോയിലെ നൈറ്റ് ജംഗിൾ സഫാരി ഹിറ്റായതോടെയാണ് മാനന്തവാടിയിൽ മോണിങ് ജംഗിൾ സഫാരി ആരംഭിക്കാൻ തീരുമാനിച്ചത്.
രാവിലെ 5.40നാണ് മാനന്തവാടി ഡിപ്പോയിൽനിന്ന് ബുധനാഴ്ച ജംഗിൾ സഫാരി ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഫ്ലാഗ് ഓഫ് ചെയ്തു. വന്യമൃഗങ്ങളെ കാണാനും, കാനന ഭംഗി ആസ്വാദിക്കാനുമായി ജില്ലക്ക് പുറത്തു നിന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സഞ്ചാരികളും ആദ്യ യാത്രയിൽ ഉണ്ടായിരുന്നു. ഫുൾ റിസർവേഷനോടെ 49 യാത്രക്കാരാണ് ജംഗിൾ സഫാരിയുടെ ആദ്യയാത്രയിലുണ്ടായിരുന്നത്.
കെ.എസ്.ആർ.ടി.സിയിലെ കാനന സവാരി വേറിട്ട അനുഭവമായതായി തിരുവനന്തപുരത്ത് നിന്നുള്ള ബ്രഹ്മാനന്ദനും രാമനാട്ടുകരയിൽ നിന്നുള്ള മുബഷിറും പറഞ്ഞു. ബുധനാഴ്ചത്തെ യാത്രയിൽ വഴിയോരത്ത് മാൻകൂട്ടങ്ങളെയും മറ്റും കാണാനായതും യാത്രക്കാരെ ആകർഷിച്ചു. ആദ്യ യാത്രയിൽ ഡ്രൈവറായി കെ. ജെ. റോയിയും കണ്ടക്ടറായി എം.സി. അനിൽകുമാറുമാണ് ഉണ്ടായിരുന്നത്.
മാനന്തവാടിയിൽനിന്ന് ബാവലിയിലേക്കും അവിടെനിന്ന് തോൽപ്പെട്ടിയിലേക്കും പോയശേഷം തിരുനെല്ലി തെറ്റ് റോഡിൽ അൽപനേരം നിർത്തിയശേഷം തിരുനെല്ലിയിലേക്കും അവിടെനിന്ന് രാവിലെ 9.30ഓടെ മാനന്തവാടിയിലേക്കും എത്തുന്ന രീതിയിലാണ് യാത്ര. മാനന്തവാടിയിൽനിന്ന് എല്ലാ ദിവസവും രാവിലെ 5.30നാണ് സഫാരി ആരംഭിക്കുക. ഇതിനായി പ്രത്യേക ബസും സജ്ജമാക്കിയിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
ജില്ല കോ ഓഡിനേറ്റർ സി.ഡി. വർഗീസ്, നോർത്ത് സോണൽ കോ-ഓർഡിനേറ്റർ ഇ.എസ്. ബിനു, ഡി.ടി.ഒ ജോഷി ജോൺ എന്നിവരാണ് ജില്ലയിൽ പദ്ധതി ഏകോപിപ്പിക്കുന്നത്. യാത്രക്കാർക്ക് രാത്രി തങ്ങാനായി ജില്ലയിലെ കൽപറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിൽ 500 കിടക്കുകളുള്ള എ.സി സ്ലീപ്പർ ബസ് സംവിധാനവും ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവിസുകളും ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിക്ക് പദ്ധതിയുണ്ട്.
നിലവിൽ ബത്തേരി ഡിപ്പോയിൽ കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സ്ലീപ്പർ ബസുകളുണ്ട്. മാനന്തവാടിയിലെ സഫാരിക്കുള്ള ബുക്കിങ്ങിനായി 7560855189, 9446784184, 9496343835 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.