മാനന്തവാടി: തേറ്റമലയിൽ നാലു പവന് ആഭരണത്തിന് അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വയോധികയുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് വെള്ളിയാഴ്ച ഉച്ചയോടെ തെളിവെടുപ്പ് നടത്തിയത്.
അയല്‍വാസിയായ വയോധിക വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയെ (72)കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചോലയില്‍ ഹക്കീമിനെയാണ് (42) സംഭവ സ്ഥലത്തെത്തിച്ചത്. ജനക്കൂട്ടത്തിന്റെ രോഷപ്രകടനങ്ങള്ക്കിടയിലൂടെയാണ് ഏറെ സാഹസപ്പെട്ട് അന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സ്ഥലവും പിന്നീട് വയോധികയെ കാറിലേക്ക് കയറ്റുന്നതുവരെ സൂക്ഷിച്ച സ്ഥലവും പ്രതി ചൂണ്ടിക്കാണിച്ചു. ഇവിടെനിന്ന് കാറിന്റെ ഡിക്കിയിലേക്ക് കയറ്റിയതും കിണറ്റിലിട്ട രീതിയും പ്രതി അന്വേഷണ സംഘത്തിന് വിശദീകരിച്ചു. മൃതദേഹത്തില്‍നിന്ന് കവര്‍ന്ന സ്വർണാഭരണങ്ങള്‍ നേരത്തേ കണ്ടെത്തുകയും ഇവ ബന്ധുക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തെളിവെടുപ്പിനായി നേരത്തേ തേറ്റമലയില്‍ എത്തിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ രോഷം ഭയന്ന് മാറ്റിവെച്ച് പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ തിരികെ ജയിലിലെത്തിച്ചു.
അന്വേഷണ സംഘത്തിലുണ്ടായിരുന്ന തലപ്പുഴ സി.ഐ ടി.പി. ജേക്കബ്, തൊണ്ടര്‍നാട് എസ്.ഐമാരായ എം.സി. പവനന്, കെ. മൊയ്തു, വി.പി. രാജേഷ്, എ.എസ്.ഐമാരായ എ. നൗഷാദ്, എം. ഷാജി തുടങ്ങിയവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.