മാനന്തവാടി: പനമരം താഴെ നെല്ലിയമ്പത്ത് വയോധിക ദമ്പതികൾ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടത് ബൈക്കിലെന്ന് സൂചന. മുഖംമൂടി ധാരികളായ രണ്ടുപേരാണ് അക്രമികളെന്ന് മരിക്കുന്നതിനുമുമ്പ് പത്മാവതി മൊഴി നൽകിയിട്ടുണ്ട്. ഇവർ കൃത്യം നടത്തിയശേഷം കടന്നത് ബൈക്കിലാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. കേസന്വേഷിക്കുന്ന സംഘം ആറ് പ്രത്യേക ടീമുകളായി തിരിഞ്ഞാണ് തെളിവുകൾ ശേഖരിക്കുന്നത്.
സംഭവം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും അക്രമികളെ കുറിച്ച് കാര്യമായ സൂചനകളോ തെളിവുകളോ ലഭിച്ചതായി പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്താൻ തയാറായിട്ടില്ല. കൊല നടന്ന വീടിനു പരിസരത്തെ വയലിൽ നിന്നു ലഭിച്ച തുണിക്കഷണമടക്കമുള്ളവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായാണ് വിവരം.
കൂടാതെ അക്രമികൾ രക്ഷപ്പെട്ടത് ബൈക്കിലാണെന്ന നിഗമനവുമുണ്ട്. മുറിവുകളുടെ സ്വഭാവം വെച്ച് സമാന കൊലപാതകക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും കുപ്രസിദ്ധ മോഷ്ടാക്കളെ കേന്ദ്രീകരിച്ചുമെല്ലാം അന്വേഷണം നടത്തുന്നുണ്ട്. ഇതര ജില്ലകളിലേതടക്കമുള്ള സൈബർ സംഘങ്ങളും ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ അന്വേഷണ പുരോഗതിയെ കുറിച്ച് മാധ്യമങ്ങളോട് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, വാഹന പരിശോധനക്കിടെ ശനിയാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൽപറ്റ പൊലീസാണ് കത്തിയുമായി പോവുകയായിരുന്ന ഇരുവരെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഒമ്പത് ദിവസം മുമ്പ് ജയിൽ മോചിതരായ കോഴിക്കോട് ബാലുശ്ശേരി സ്വദേശികളാണ് ഇരുവരും. എന്നാൽ, ഇവർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
പനമരം: നെല്ലിയമ്പത്ത് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട റിട്ട. അധ്യാപകൻ കേശവൻ മാസ്റ്ററുടെയും ഭാര്യ പത്മാവതിയുടെയും കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് വെൽെഫയർ പാർട്ടി പനമരം പഞ്ചായത്ത് കമ്മിറ്റി. പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നു പ്രദേശവാസികളുടെ ഭീതിയകറ്റണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പനമരം: നെല്ലിയമ്പത്ത് അക്രമികളുടെ കുത്തേറ്റ് വയോധിക ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ല സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല അധ്യക്ഷൻ സുരേന്ദ്രൻ മാസ്റ്റർ, സെക്രട്ടറി വി. മധു മാസ്റ്റർ, അഡ്വ. രജിത് കുമാർ, ഗോപാലൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.