മാനന്തവാടി താലൂക്കിലെ ഒരു പ്രമുഖ സ്കൂളിെൻറ ഓൺലൈൻ ക്ലാസ് നടക്കുന്നു. ക്ലാസിനിടെ വിദ്യാർഥികളാണ് സ്ക്രീനിൽ തെളിഞ്ഞ ആ മെസേജ് ആദ്യം ശ്രദ്ധിക്കുന്നത്. ഐ ലവ് യൂ... പൊറോട്ടയും ഇറച്ചിയും തിന്നാൻ വരുന്നോ... ക്ലാസിലെ ഒരു കുട്ടിയോട് (ബാക്കി മെസേജ് ഇവിടെ പറയാൻ പറ്റുന്നതല്ല). മെസേജ് കണ്ട് കുട്ടികൾ ബഹളം വെച്ചു. ക്ലാസ് ശ്രദ്ധിച്ചുകൊണ്ടിരുന്ന രക്ഷിതാക്കൾ ഇടപെട്ടു.
100 കുട്ടികളുള്ള ഗൂഗിൾ മീറ്റ് വളരെ ഭംഗിയായി നടത്തിയിരുന്ന അധ്യാപകൻ മറുപടിയില്ലാതെ വിയർത്തു. ഫേക്ക് ഐ.ഡി ഉണ്ടാക്കി ലിങ്ക് ചോർത്തി ക്ലാസിൽ കയറിയ വിരുതനെ എങ്ങനെ കണ്ടത്തുമെന്ന ചർച്ചയിൽ അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പഠനം ഡിജിറ്റലായതോടെ പല ക്ലാസുകളിലും കയറിവരുന്ന വ്യാജന്മാരെ കണ്ടെത്താനാവാത്ത പ്രതിസന്ധിയിലാണ് അധ്യാപകരും വിദ്യാർഥികളും. വ്യാജന്മാരുടെ ഭീഷണിക്കൊപ്പം ശിഷ്യന്മാരുടെ ഞെട്ടിക്കുന്ന മെസേജുകളിലും വട്ടം കറങ്ങുകയാണ് അധ്യാപകർ.
ഒരു യു.പി ക്ലാസിലാണ് മറ്റൊരു സംഭവം നടന്നത്. ഓൺലൈൻ ക്ലാസിനിടയിൽ ഒരു വിദ്യാർഥി നിരന്തരം കാമറ ഓൺചെയ്ത് ശല്യപ്പെടുത്തിയപ്പോൾ അടങ്ങിയിരിക്കാൻ പറഞ്ഞ അധ്യാപകനോട്
ഒന്നു നിർത്തി പോടേയ് എന്നായിരുന്നു വിദ്യാർഥിയുടെ മറുപടി. ഞെട്ടിപ്പോയ അധ്യാപകന് ക്ലാസ് തുടരാനായില്ല. വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുണ്ടായ വിടവിെൻറ ആഴമാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. റെഗുലർ ക്ലാസിൽ അച്ചടക്കത്തോടെ ഇരുന്നിരുന്ന വിദ്യാർഥികളിൽ ചിലരെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിൽ അച്ചടക്കമില്ലാതെ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം പഠനവിധേയമാക്കേണ്ട കാര്യമാണ്.
അപരിചിത പാതയിലൂടെയാണ് കോവിഡ്കാലത്ത് അധ്യാപകർക്ക് സഞ്ചരിക്കേണ്ടിവരുന്നത്. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പഠിപ്പിക്കുന്ന അധ്യാപകരിൽ പലരും കുട്ടികളെ എങ്ങനെ അടക്കി ഇരുത്താം എന്നറിയാതെ വട്ടം കറങ്ങുന്ന അനുഭവങ്ങൾ നിരവധിയാണ്. മൊബൈലിലൂടെയും ലാപ്ടോപ്പിലൂടെയും സാന്നിധ്യമറിയിക്കുന്ന വിദ്യാര്‍ഥികളിൽ പലരും റെഗുലർ ക്ലാസുകളിലെ അച്ചടക്കം പാലിക്കുന്നില്ല. വിദൂര പഠനത്തിന് അറിവിെൻറ വിനിമയം എന്നതിനപ്പുറം അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള വൈകാരിക ബന്ധത്തിെൻറ വളർച്ച കൂടി തേടുന്നുണ്ട് ഓൺലൈൻ പഠനം.
ഏറെനേരം ക്ലാസുകൾ കേൾക്കുന്നത് ഭൂരിഭാഗം കുട്ടികൾക്കും വിരക്തിയാണ്. അതിനാൽ കുറഞ്ഞ സമയത്ത് ക്ലാസ് എടുത്തു തീർക്കുന്നതിലുപരി ക്ലാസിെൻറ രീതിയിൽ മാറ്റം വരുത്തുകയാണ് പ്രധാനം.
ഇൻറര്‍നെറ്റ് ലഭ്യതയുടെ മാത്രം സാഹചര്യംകൊണ്ട് ഉറപ്പാക്കാനാവുന്നതല്ല വിദൂര പഠന സംവിധാനത്തിലൂടെയുള്ള പഠനപുരോഗതി. സ്കൂള്‍ പശ്ചാത്തലത്തില്‍നിന്ന് അധ്യാപകരുടെയും സഹവിദ്യാര്ഥികളുടെയും സഹായത്തോടെ ആര്‍ജിക്കേണ്ട ചില, വൈജ്ഞാനിക-സാമൂഹിക- വൈകാരിക പാഠങ്ങൾ വിദ്യാർഥിയിൽ എത്തിക്കേണ്ടതുണ്ട്. എങ്ങനെ പഠിക്കണം, പഠനത്തിന് ആവശ്യമുള്ള മാനസികാവസ്ഥ എങ്ങനെ സ്വയം ആര്‍ജിക്കണം ഇവയൊക്കെ പുതിയ സംവിധാനത്തിൽ വിദ്യാര്‍ഥിക്ക് അന്യമാകുന്നുണ്ട്.
പഠനാവശ്യങ്ങള്‍ക്ക് സഹായിക്കുന്നതിനുള്ള രക്ഷാകര്‍ത്താക്കളുടെ പരിമിതിയില്‍ അവര്‍ക്ക് പൂര്‍ണമായി ആശ്രയിക്കേണ്ടിയിരുന്നത് അധ്യാപകരെയാണ്. ഒരു വിദ്യാര്‍ഥിക്ക് വീട്ടില്‍നിന്ന് ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത ചില സാമൂഹികമൂല്യങ്ങളും അനുഭവങ്ങളും നല്‍കേണ്ടത് ഗുരുമുഖത്തുനിന്നാണ്. വിദ്യാഭ്യാസത്തെ വിനിമയപ്രക്രിയ എന്നതില്‍നിന്ന് അനുഭവപ്രകൃതി ആക്കി മാറ്റുക എന്ന വലിയൊരു വെല്ലുവിളിയും ഓൺലൈൻ പഠനത്തില്‍ നേരിടേണ്ടിവരുന്നുണ്ട്. ഒരു ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാഠഭാഗം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നേരിട്ട പ്രതിസന്ധി, അവരുടെ പ്രചോദനങ്ങള്‍, ചിന്തകള്‍ ഇവയെല്ലാം ക്ലാസ് മുറിയില്‍ എങ്ങനെയാണോ അധ്യാപകര്‍ കൈകാര്യം ചെയ്തത് എന്നത് ഓൺലൈൻ സംവിധാനത്തിൽ ചിലരെങ്കിലും മറന്നുപോകുന്നുണ്ട്.
നന്മയും മാനവിക മൂല്യങ്ങളും സ്വായത്തമാക്കിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ഒരു മാർഗമാണ് വിദ്യാഭ്യാസ പ്രക്രിയ. അതിെൻറ പണിപ്പുരയായി വര്‍ത്തിക്കുന്നതാകട്ടെ, വിവിധങ്ങളായ വിദ്യാഭ്യാസ സംരംഭങ്ങളുമാണ്. ഇന്നത്തെ വിദ്യാഭ്യാസ മാധ്യമം ഓൺലൈൻ പ്ലാറ്റ്ഫോമായതിനാൽ സ്ക്രീനിൽ തെളിയുന്ന അധ്യാപകെൻറ ശരീരഭാഷയിലും വാക്കുകളിലും ഗുരു–ശിഷ്യബന്ധത്തിൻെറ ഊഷ്മളത തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.