വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് തി​രി​ച്ച​യ​ച്ച​തി​ന് ശേ​ഷം വീ​ട്ടി​ൽ കി​ട​ക്കു​ന്ന കെ​മ്പി

വയനാട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രോഗിയെ തിരിച്ചയതായി പരാതി

മാനന്തവാടി: അവശനിലയിൽ ചികിത്സതേടിയ ആദിവാസി വയോധികയെ കിടത്തിച്ചികിത്സ നൽകാതെ തിരിച്ചയച്ചതായി പരാതി. കാട്ടിക്കുളം ബേഗൂർ കൊല്ലിമൂല കോളനിയിലെ കെമ്പിക്കാണ് (65) ദുരനുഭവം നേരിട്ടത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കെമ്പിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാസന്നനിലയിലായ അമ്മയെ രണ്ടു മണിക്കൂറിനു ശേഷം വിടുതൽനൽകി പറഞ്ഞയക്കുകയായിരുന്നെന്ന് കെമ്പിയുടെ മകന്‍റെ ഭാര്യ സുമ പറഞ്ഞു. പട്ടികവർഗ വികസനവകുപ്പിന്‍റെ ആംബുലൻസിലാണ് ഇവർ തിരികെ വീട്ടിലെത്തിയത്.

എന്നാൽ, കെമ്പിയുടെ ആരോഗ്യസ്ഥിതിയിൽ ഒരുമാറ്റവും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ സംസാരിക്കാൻപോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കെമ്പി. കാട്ടിക്കുളം ടി.ഇ.ഒയും ബേഗൂർ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരും ഇടപെട്ടതിനെ തുടർന്ന് വീണ്ടും വയനാട് ഗവ. മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ ശനിയാഴ്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് മിക്കപ്പോഴും അവഗണന നേരിടുന്നതായ ആക്ഷേപം പരക്കെയുണ്ട്. ഇതിനു ബലം നൽകുന്നതാണ് കെമ്പിയുടെ നിർധന കുടുംബത്തിന്റെ അവസ്ഥ. സംഭവത്തെ പറ്റി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെമ്പിയുടെ ബന്ധുക്കൾ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.