മാനന്തവാടി: മൂന്ന് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ജില്ല ആശുപത്രിയിലെ പേ വാർഡിന് ഒടുവിൽ ശാപമോക്ഷം. വ്യാഴാഴ്ച മുതൽ രോഗികൾക്ക് തുറന്നു കൊടുക്കാൻ ധാരണയായി. കോവിഡ് വ്യാപന സമയത്ത് 2020ലാണ് പേ വാർഡ് അടച്ചിട്ടത്. കോവിഡ് നിരീക്ഷണത്തിലുള്ള രോഗികളെ പാർപ്പിക്കാനാണ് ഈ കെട്ടിടം ഉപയോഗിച്ചത്.
കോവിഡ് വ്യാപനം നീങ്ങിയെങ്കിലും പിന്നീട് പേ വാർഡ് തുറന്നുനൽകാൻ നടപടിയൊന്നുമുണ്ടായില്ല. ഇത് പലതവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പേ വാർഡ് ഇല്ലാത്തതിനാൽ ജില്ല ആശുപത്രിയിൽ കിടത്തിച്ചികിത്സക്ക് വിധേയമാകാനും ആൾക്കാർ മടിച്ചിരുന്നു.
കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്)യുടെ കീഴിലാണ് പേ വാർഡ് പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണിയുടെ പേരിലാണ് വാർഡ് അടച്ചിട്ടത്. ഡീലക്സ് (എട്ട്), സെമി ഡീലക്സ് (എട്ട്), ജനത (16) മുറികളിലായി 32 മുറികളാണ് പേ വാർഡിലുള്ളത്. ഡീലക്സിന് 450 ഉം സെമിഡീലക്സിന് ഉം ജനതക്ക് 150 രൂപയുമാണ് ഒരു ദിവസത്തേക്ക് ഈടാക്കുക.
രണ്ടാഴ്ച മുമ്പ് യൂത്ത് കോൺഗ്രസ് പേ വാർഡിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ പേവാർഡ് തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ്നൽകിയിരുന്നു. പേ വാർഡ് സൗകര്യമില്ലാത്തതിനാൽ രോഗികൾ കൽപറ്റയിലെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.