മാനന്തവാടി: രാഷ്ട്രീയ പകപോക്കൽമൂലം വീട്ടമ്മയുടെ ഏക ഉപജീവന മാർഗമായ കോഴിഫാം പൂട്ടി. വിധവയായ ഷീജയാണ് പകപോക്കലിന് ഇരയായത്. 2017ൽ ഷീജയുടെ ഭർത്താവ് എടവക ഒരപ്പ് കൊച്ചുപുരക്കൽ ഷിജു വാഹനാപകടത്തിൽ മരിച്ചു. ഇതേത്തുടർന്നാണ് ഷീജ ഉപജീവനത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും നിയമം പാലിച്ച് സ്വന്തം സ്ഥലത്ത് അയൽവാസികളുടെ അനുമതിപത്രം ഹാജരാക്കി കോഴിഫാം ആരംഭിച്ചത്.
വാഹന സൗകര്യത്തിന് സ്വന്തം സ്ഥലത്ത് റോഡിന് വീതികൂട്ടിയതോടെയാണ് ഷീജയുടെ ദുരിതം ആരംഭിക്കുന്നത്. ഈ വഴി അയൽവാസിക്ക് നടവഴിയായി ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു. റോഡ് വീതികൂട്ടിയതോടെ വഴിയുടെ അവകാശം രേഖാമൂലം എഴുതിനൽകാൻ അയൽവാസി ആവശ്യപ്പെട്ടു.
എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളും അവകാശികളായതിനാൽ രേഖാമൂലം എഴുതിനൽകാൻ തയാറായില്ല.ഇതിെൻറ ഫലം പരാതികളായിരുന്നു. ഫാമിനെതിരെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പഞ്ചായത്തിലും പൊലീസിലും നിരന്തരം പരാതികൾ നൽകാൻ തുടങ്ങിയത് മാനസികമായി തളർത്തിയെന്നും ഇതിനാലാണ് ഫാം അടച്ചുപൂട്ടിയതെന്നും ഷീജ പറഞ്ഞു. പഞ്ചായത്ത് നൽകിയ വീട്ടിലാണ് ഷീജയുടെ കുടുംബം താമസിക്കുന്നത്.
കുടുംബശ്രീയിൽനിന്നും വ്യക്തികളിൽനിന്നും വായ്പയെടുത്താണ് ഫാം ആരംഭിച്ചത്. ഫാം നടത്തുന്നതിന് എല്ലാ രേഖകളും ഇവർക്കുണ്ട്.2017 മുതൽ ഗ്രാമപഞ്ചായത്തിൽ നികുതിയും അടക്കുന്നുണ്ട്. ഫാം അടച്ചുപൂട്ടേണ്ടിവന്നതോടെ ജീവിതം ഏങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ ആശങ്കയിലാണ് ഷീജയും രണ്ടു കുട്ടികളും. നീതിക്കുവേണ്ടി കാത്തിരിക്കുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.