മാനന്തവാടി: റോഡ് തകർന്നതിനാൽ രാത്രിയാത്ര നിരോധനമില്ലാത്ത ഏക റോഡിലൂടെയുള്ള യാത്ര നടുവൊടിക്കും. തോൽപെട്ടി-കുട്ട- ശ്രീമംഗല- പൊന്നമ്പേട്ട്- തിത്തിമത്തി-ഹുൻസൂർ റോഡിൽ കേരള അതിർത്തിയിലാണ് തകർച്ച. മാനന്തവാടിയിൽനിന്ന് കുട്ട വഴി 128 കിലോമീറ്റർ സഞ്ചരിച്ചാൽ മൈസൂരുവിൽ എത്താം. ബാവലി റോഡിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ ഗതാഗത നിരോധനം ഏർപ്പെടുത്തിയതിനാൽ രാത്രിയാത്രക്ക് കുട്ട റോഡ് മാത്രമാണ് ഏക ആശ്രയം. ജില്ലയിൽനിന്ന് കർണാടകയിലേക്ക് 24 മണിക്കൂറും ഗതാഗതമുള്ള റോഡും ഇതാണ്. ഈ റോഡ് തകർന്നത് മലയാളികളെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്. റോഡു തകർന്നത് ഭൂരിഭാഗവും കേരളവുമായി അതിരിടുന്ന പ്രദേശങ്ങളിലാണ്. തോൽപെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് കഴിഞ്ഞ് ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞാൽ റോഡിന്റെ തകർച്ച തുടങ്ങി. ഊന്നക്കാട് എസ്റ്റേറ്റ് മുതൽ പൂച്ചക്കല്ല് വരെയുള്ള നാലു കിലോമീറ്റർ പൂർണമായും തകർന്നു. ശബരിമല സീസണായതിനാൽ നൂറുകണക്കിന് അയ്യപ്പഭക്തർ ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് നിരവധി വിദ്യാർഥികൾ കർണാടകയിലെ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. വ്യാപാരികളും റോഡുകളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. രാത്രി മൈസൂരുവിൽനിന്ന് മാനന്തവാടിയിലേക്ക് യാത്ര ചെയ്ത ബസിലെ കുലുക്കം കൊണ്ട് കേരള അതിർത്തിയിലെത്തുന്നത് കൃത്യമായി മനസ്സിലാകും. കൂടുതലായും കേരളത്തിലുള്ളവരാണ് റോഡ് ആശ്രയിക്കുന്നതെന്നതിനാൽ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ കർണാടക അധികൃതർ തയാറാവുന്നില്ലെന്ന ആരോപണമുണ്ട്. റോഡിന്റെ തകർച്ച ടാക്സി ഡ്രൈവർമാരെയും വലിയ പ്രയാസത്തിലാക്കുന്നുണ്ട്. റോഡിലെ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നത് പതിവാണ്. കോഴിക്കോട്ടുനിന്നും മറ്റും മാനന്തവാടി വഴി ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങൾ മൈസൂരുവിലേക്ക് പോകുന്നുണ്ട്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഇതിൽ വരും. റോഡിന്റെ കർണാടക ഭാഗത്തുള്ള സ്ഥലത്താണ് തകർച്ച. വയനാട്ടിലെ ജനപ്രതിനിധികൾ കർണാടക സർക്കാറിനെ കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തി റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണ് യാത്രക്കാരിൽനിന്ന് ഉയരുന്നത്.
കൽപറ്റ: കാൽനട പോലും ദുസ്സഹമായ റോഡ് നന്നാക്കാൻ നടപടിയില്ല. നഗരസഭയിലെ മാങ്ങവയൽ-കുന്നമ്പറ്റ റോഡാണ് പൂർണമായും തകർന്നിട്ടും നന്നാക്കാൻ നടപടിയില്ലാത്തത്. റോഡ് നന്നാക്കണമെന്ന് നിരന്തര ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
മഴപെയ്താൽ റോഡ് കാണാത്തവിധം വെള്ളക്കെട്ടാണ്. ഇതുകാരണം പ്രദേശവാസികൾക്ക് നടന്നുപോകാൻ പോലും സാധിക്കുന്നില്ല. റോഡിന്റെ തകർച്ച കാരണം ഓട്ടോറിക്ഷയും പോകാൻ തയാറാകുന്നില്ല. കൽപറ്റ നഗരസഭയിലെ 18, 19 വാർഡുകളിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. 800 മീറ്റർ റോഡ് തകർന്നുകിടക്കുകയാണ്. റോഡ് നന്നാക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. യോഗത്തിൽ കെ. സോമൻ അധ്യക്ഷത വഹിച്ചു. എ. ബാലൻ, എൻ. ധർമൻ, പി. ഉഷ, കെ.ടി. ഷക്കീർ, വി. പോക്കർ എന്നിവർ സംസാരിച്ചു
കൽപറ്റ: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മൂന്നു ലിങ്ക് റോഡുകൾ അതിവേഗം ഗതാഗതയോഗ്യമാക്കാൻ നടപടി തുടങ്ങിയതായി നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു.
ആനപ്പാലം-എസ്.പി ഓഫിസ് റോഡ്, ഗൂഡലായ്-എമിലി റോഡ്, ഗൂഡലായ്-ബൈപാസ് റോഡ് എന്നിവ ഒരു കോടി രൂപ ചെലവഴിച്ച് ഗതാഗതയോഗ്യമാക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. ചൈന ജോയ്, ആയിഷ പള്ളിയാല്‍, രാജാറാണി, പി. കുഞ്ഞുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.