സിന്ധുവിന്‍റെ മരണം: ആർ.ടി ഓഫിസിൽ പ്രതിഷേധ വേലിയേറ്റം

മാനന്തവാടി: മോട്ടോർ വാഹന വകുപ്പ് ജീവനക്കാരി എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധുവിന്‍റെ ദുരൂഹ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ വേലിയേറ്റം. കെല്ലൂരിലെ മാനന്തവാടി സബ് ആർ.ടി ഓഫിസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ആർ.ടി.ഒ ഓഫിസിന് മുന്നിൽ എടവക യു.ഡി.എഫ് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. ധർണ ജോർജ് പടകൂട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുതുവോടൻ, ജോഷി വാണക്കുടി, ഗിരിജ സുധാകരൻ, വിനോദ് തോട്ടത്തിൽ, ലീല ഗോവിന്ദൻ, റഹീം, സുജാത എന്നിവർ സംസാരിച്ചു.

സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സബ് ആർ.ടി ഓഫിസ് മാർച്ച് സംഘടിപ്പിച്ചു. പൊലീസിന്‍റെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായാൽ കുറ്റക്കാരെ തെരുവിൽ തടയുമെന്ന് നേതാക്കൾ പറഞ്ഞു. മാർച്ച് മണ്ഡലം സെക്രട്ടറി നിഖിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി, മുനീർ, നൗഷാദ്, നിസാർ പീച്ചങ്കോട്, ബിജു ചെറൂർ, അഖിൽ, ഷംസുദ്ദീൻ, സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

മരണത്തിലെ ദുരൂഹതയില്‍ സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി പനമരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിയുടെ കൂത്തരങ്ങായി മാറുന്ന ആർ.ടി.ഒ ഓഫിസുകളില്‍ കൈക്കൂലിക്ക് കൂട്ടുനിൽക്കാത്തവര്‍ രക്തസാക്ഷികളായി മാറുന്ന കാഴ്ചയുടെ ഉദാഹരണമാണ് സിന്ധുവെന്ന് ബി.ജെ.പി ആരോപിച്ചു. കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി ജി.കെ. മാധവൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.എം. പ്രജീഷ് അധ്യക്ഷത വഹിച്ചു. രാജേഷ്, മോഹനൻ, സെക്രട്ടറി ജയദാസ്, അനിൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ ഭാനു സ്വാഗതം പറഞ്ഞു. അന്വേഷണ ആവശ്യവുമായി വിവിധ സംഘടനകൾ

സിന്ധുവിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ഓഫിസുകളിൽ ഭിന്നശേഷിക്കാർ നേരിടുന്ന മാനസിക പീഡനത്തിന് ഉദാഹരണമാണ് സിന്ധുവിന്‍റെ മരണമെന്ന് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് ജോർജ് ഇല്ലിമൂട്ടിൽ സെക്രട്ടറി കെ.ടി. സാബു എന്നിവർ ആരോപിച്ചു. മുഖ്യമന്ത്രിക്കും ഭിന്നശേഷി കമീഷണർക്കും പരാതി നൽകുമെന്നും ഇവർ അറിയിച്ചു.

സമഗ്രാന്വേഷണം നടത്തി ദുരൂഹത നീക്കി കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഉന്നതതല അന്വേഷണം നടത്തണമെന്ന് എടവക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്‍റെ പേരിൽ മാനസികമായി പീഡിപ്പിക്കപ്പെടുകയും ഓഫിസിൽ ഒറ്റപ്പെടുകയും ചെയ്തതായിട്ടുള്ള ആരോപണം ഗൗരവമേറിയതാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ഷിനു അധ്യക്ഷത വഹിച്ചു. നിധിൻ തകരപ്പള്ളി, ശരത്ലാൽ, സിജോ കമ്മന, ജിജി പാറടിയിൽ തുടങ്ങിയവർ സംബന്ധിച്ചു.

സംഭവത്തിലെ ദുരൂഹത അകറ്റണമെന്ന് യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

സിന്ധുവിന്‍റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്‍റ് മോബിഷ് പി. തോമസ് ആവശ്യപ്പെട്ടു. ജീവനക്കാരെ ഒന്നാകെ പ്രതിസ്ഥാനത്ത് നിർത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സമഗ്രമായ അന്വേഷണം അനിവാര്യമാണ്. മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഒരുതരത്തിലുള്ള ഇടപെടലുകളോ അന്വേഷണമോ നടത്താതിരുന്നത് അനാസ്ഥയായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂ. ജോലിസ്ഥലങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക പീഡനങ്ങൾക്ക് ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ഷാജി, എൻ.ജെ. ഷിബു, സജി ജോൺ, വി.ആർ. ജയപ്രകാശ്, ഇ.എസ്. ബെന്നി, എം.സി. ശ്രീരാമകൃഷ്ണൻ, സി.ജി. ഷിബു, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, ഗ്ലോറിൻ സെക്വീര, കെ.ഇ. ഷീജമോൾ, പി.എച്ച്. അഷറഫ്ഖാൻ, എൻ.വി. അഗസ്റ്റിൻ, എം.എ. ബൈജു, സിനീഷ് ജോസഫ്, കെ.വി. ബിന്ദുലേഖ, അബ്ദുൽ ഗഫൂർ, വി. മുരളി തുടങ്ങിയവർ സംസാരിച്ചു.

സിന്ധു ആത്മഹത്യ ചെയ്തതിലെ ദുരൂഹത കുറ്റമറ്റ രീതിയിൽ അന്വേഷിക്കണമെന്ന് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരായവരെ ഉടനടി കണ്ടെത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ജില്ല പ്രസിഡന്‍റ് ചിന്നമ്മ ജോസ് ആവശ്യപ്പെട്ടു.

സിന്ധുവിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, ഗതാഗതമന്ത്രി കുടുംബത്തെ സന്ദർശിക്കുക, സർക്കാർ അലംഭാവം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് കെല്ലൂർ സബ് ആർ.ടി ഓഫിസിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Sindhu's death: At the RT office The tide of protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.