മാനന്തവാടി: ദാസ്യവേല ചെയ്യാൻ വിസമ്മതിച്ച വനംവകുപ്പിലെ താൽക്കാലിക വാച്ചറെ പിരിച്ചുവിട്ട സംഭവത്തിൽ സി.പി.ഐയുടെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡി.എഫ്.ഒയെ ഉപരോധിച്ചു. മാനന്തവാടിയിൽ 14 വർഷമായി ജോലി ചെയ്ത താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ചാണ് സി.പി.ഐ തിങ്കളാഴ്ച രാവിലെ ഡി.എഫ്.ഒ രമേശ് വിഷ്ണോയിയെ ഉപരോധിച്ചത്.
നേതാക്കളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെ ബഹളത്തിനും ഇടയാക്കി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഡി.എഫ്.ഒയും സമരക്കാരും നിലപാട് കടുപ്പിച്ചതോടെ സമരം ഉച്ചവരെ നീണ്ടു. ഒടുവിൽ വനം മന്ത്രി ഇടപ്പെട്ട് ചൊവ്വാഴ്ച ചർച്ച നടത്താൻ കണ്ണൂർ സി.സി.എഫ് അഡൽ അരശിനെ ചുമതലപ്പെടുത്തി. ഇതോടെയാണ് 1.15ന് സമരം അവസാനിപ്പിച്ചത്.
സി.പി.ഐ ജില്ല അസി. സെക്രട്ടറി ഇ.ജെ. ബാബു, നിയോജക മണ്ഡലം സെക്രട്ടറി വി.കെ. ശശിധരൻ, രംജിത്ത് കമ്മന, കെ. സജീവൻ, അഖിൽ പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഭിന്നശേഷിക്കാരനായ വാച്ചർ മുരളിയെയാണ് വീട്ടുപണി എടുക്കാൻ വിസമ്മതിച്ചതിെൻറ പേരിൽ കഴിഞ്ഞദിവസം പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.