മാനന്തവാടി: കോവിഡ് കാലത്ത് രോഗപ്രതിരോധ പ്രവർത്തനരംഗത്ത് രാപ്പകലില്ലാതെ മുന്നണിയിൽ പ്രവർത്തിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പളമില്ല. എട്ടു മാസത്തിലധികമായി ഇവർക്ക് ശമ്പളം ലഭിക്കാതായിട്ട്.
അഡ്ഹോക്ക് വ്യവസ്ഥയിൽ താൽക്കാലികമായി വയനാട് ജില്ലയിൽ നിയമനം ലഭിച്ച ജെ.എച്ച്.ഐ വിഭാഗത്തിനാണ് ഈ ദുർഗതി. ജൂൺ മുതൽ ഇവർക്ക് ഒരു രൂപ പോലും ശമ്പളമായി ലഭിച്ചിട്ടില്ല.
ഡി.എം.ഒ മുതൽ ഡി.എച്ച്.എസ് വരെയുള്ളവർക്ക് പരാതികൾ നൽകിയെങ്കിലും കൃത്യമായ മറുപടിയോ പ്രശ്നത്തിന് പരിഹാരമോ ഇതുവരെ ഉണ്ടായിട്ടില്ല. ശമ്പളം അനുവദിക്കുന്ന ഹെഡിനെക്കുറിച്ചുള്ള അവ്യക്തതകൾ പരിഹരിക്കാത്ത നിസ്സാര പ്രശ്നം മൂലമാണ് ഈ ദുഃസ്ഥിതി. ഇതരജില്ലകളിൽ നിന്നടക്കമുള്ളവരാണ് ഈ കൂട്ടത്തിലുള്ളത്. നിത്യവൃത്തിക്കും വണ്ടിക്കൂലിക്കും വരെ പലരിൽനിന്നും കടം വാങ്ങിയും കൂടെയുള്ള മറ്റ് സഹപ്രവർത്തകർ സഹായിച്ചുമാണ് ഇവർ ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. വാടകയും മറ്റു ചെലവുകളും കൊടുക്കാൻ നിവൃത്തിയില്ല. പലരും കടക്കെണിയിലാണ്.
ആദ്യം നിയമനം ലഭിച്ച പലരെയും മൂന്നു മാസം കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടിരുന്നു. തുടർന്ന് അടുത്ത ബാച്ചുകാരെ നിയമിച്ചു. ഈ കോവിഡ് പ്രതിസന്ധികാലത്ത് തങ്ങൾ സമയക്കണക്ക് നോക്കാതെ ചെയ്ത ജോലിക്ക് ന്യായമായി ലഭിക്കേണ്ട വേതനം ഇനിയും വൈകിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം.
കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിൽ അത്യധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് ദീർഘകാലമായി വേതനം കൊടുക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും എത്രയും വേഗം ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ ഡി.എം.ഒയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
എൻ.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മോബിഷ് പി. തോമസ്, എൻ.ജെ. ഷിബു, കെ.ടി. ഷാജി, സി.ജി. ഷിബു, എം.ജി. അനിൽകുമാർ, അഷ്റഫ് ഖാൻ ബൈജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.