മാനന്തവാടി: പന്ത്രണ്ടരലക്ഷം രൂപ ചെലവഴിച്ചിട്ടും ശൗചാലയ നിർമാണം പാതിവഴിയിൽ. തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളുടെ ശൗചാലയ നിർമാണമാണ് കരാറുകാരന്റെ അനാസ്ഥയാൽ ഉപയോഗയോഗ്യമാക്കാനാകാതെ കിടക്കുന്നത്. ഇതോടെ വിദ്യാർഥികൾ ദുരിതവഴിയിൽ. ശൗചാലയം ഒരു വർഷമായിട്ടും പണിതീർന്നിട്ടില്ല. പെൺകുട്ടികൾക്ക് കുളിക്കാനും ടോയ്ലറ്റ് നിർമിക്കുന്നതിനും മറ്റുമായി ജില്ല പഞ്ചായത്ത് പന്ത്രണ്ടര ലക്ഷം രൂപ അനുവദിച്ച് കരാറും നൽകി. കഴിഞ്ഞ സാമ്പത്തിക വർഷാവസാനമായ മാർച്ചിൽ പണി തീർത്തു കൊടുക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തീകരിച്ച് താക്കോൽ കൈമാറാൻ കരാറുകാരൻ തയാറായിട്ടില്ല. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് പണിപൂർത്തീകരിക്കാൻ വൈകുന്നതെന്നാണ് പി.ടി.എ. കമ്മിറ്റി ആരോപിക്കുന്നത്. ഈ വർഷത്തെ മാനന്തവാടി ഉപജില്ല ശാസ്ത്രേ മേള ഈ സ്കൂളിൽ അടുത്ത ആഴ്ച നടക്കുകയാണ്. ഉപജില്ലയിലെ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന മത്സരത്തിൽ കുട്ടികൾക്ക് പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ സ്കൂളിൽ സൗകര്യമില്ലാത്ത സ്ഥിതിയാണ്. ശൗചാലയ നിർമാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങാനാണ് പി.ടി.എ. കമ്മിറ്റിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.