മാനന്തവാടി: ഇടവേളക്കുശേഷം തുറന്ന കുറുവ ദ്വീപിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. ഹൈകോടതി ഇടക്കാല ഉത്തരവിനെ തുടർന്ന് 2019 മാർച്ച് 22നാണ് കുറുവ ദ്വീപിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചത്.
പ്രദേശവാസികളായ 38 ഓളം പേർ ചേർന്ന് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ച് കോടതി നിർദേശപ്രകാരം നിയന്ത്രണങ്ങളോടെ 2021 ഒക്ടോബർ രണ്ട് മുതലാണ് വീണ്ടും ദ്വീപിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. വനം വകുപ്പ് നിയന്ത്രണത്തിലുള്ള പാക്കം വഴിയും ഡി.ടി.പി.സി നിയന്ത്രണത്തിലുള്ള പാൽവെളിച്ചം വഴിയും പ്രതിദിനം 575 പേർക്ക് വീതമാണ് പ്രവേശനം.
ക്രിസ്മസ് അവധി തുടങ്ങിയതു മുതൽ തന്നെ ഇരുഭാഗങ്ങളിലൂടെയുമുള്ള പ്രവേശന ടിക്കറ്റുകൾ 10 മണിയോടെ തീരുന്ന അവസ്ഥയുമായിരുന്നു. ഡി.ടി.പി.സി നിയന്ത്രണത്തിലുള്ള കൗണ്ടറിൽ അവധിക്കാലത്ത് 4,33,230യും വനം വകുപ്പ് കൗണ്ടറിൽ 4,91,000 രൂപയും വരുമാനമായി ലഭിച്ചു.
ഡി.ടി.പി.സി കൗണ്ടറിൽ ജി.എസ്.ടി ഉൾപ്പെടെ ഒരാൾക്ക് 89 രൂപയും വനം വകുപ്പ് കൗണ്ടറിൽ 97 രൂപയുമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ് പ്രവേശനം ചങ്ങാട സവാരിക്കും ഇവിടെ ഏറെ പ്രിയമേറുകയാണ്. ക്രിസ്മസിനെ തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ മാത്രം ചങ്ങാട സവാരിയിൽനിന്ന് ലഭിച്ചത് 79,000 രൂപയാണ്. ആറ് ചങ്ങാടങ്ങളാണ് സവാരിക്കായി ഡി.ടി.പി.സി സജ്ജീകരിച്ചത്.
ദ്വീപിന്റെ സൗന്ദര്യവും ചങ്ങാട സവാരിയും ആസ്വദിക്കാൻ അയൽ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ നിത്യേന നിരവധി പേരാണ് ഇവിടെയെത്തുന്നത്. സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ നൂറുകണക്കിനാളുകളാണ് ടിക്കറ്റ് ലഭിക്കാതെ നിരാശയോടെ മടങ്ങുന്നത്. പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ നടപടികൾ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.