മാനന്തവാടി: പൊലീസ് തിരച്ചിലിനിടെ ബുധനാഴ്ച സന്ധ്യയോടെ തലപ്പുഴ മക്കിമലയിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിയ മാവോവാദികളെ തിരിച്ചറിഞ്ഞു. നേതാവ് സി. പി. മൊയ്തീന്, സോമന്, സന്തോഷ്, മനോജ്, വിമല്‍കുമാര്‍ എന്നിവരെയാണ് റിസോർട്ട് മാനേജർ തിരിച്ചറിഞ്ഞത്. പൊലീസ് കാണിച്ച ഫോട്ടോകളിലൂടെയാണ് തിരിച്ചറിഞ്ഞത്. മക്കിമലയിലെ ജംഗിള്‍വ്യൂ റിസോർട്ട് മാനേജര്‍ ജോബി ജോണിന്റെ പരാതി പ്രകാരം തലപ്പുഴ പൊലീസ് ആയുധ നിയമപ്രകാരവും യു.എ.പി.എ ഉള്‍പ്പെടെയുള്ള രാജ്യദ്രോഹകുറ്റം ചുമത്തി അഞ്ചു പേർക്കെതിരെ കേസെടുത്തു.
ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം റിസോര്‍ട്ടിലെത്തി ലഘുലേഖ കൈമാറുകയും, മാനേജറുടെ ഫോണ്‍ ഉപയോഗിച്ച് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാട്സ്ആപ്പ് വഴി ലഘുലേഖ കൈമാറുകയും ചെയ്തത്. കൂടാതെ ഇവിടെ നിന്നും ഭക്ഷണ സാധനങ്ങളും ശേഖരിച്ചാണ് സംഘം മടങ്ങിയത്. അതിനിടെ തുടർച്ചയായ മാവോവാദി സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ജില്ല പൊലീസ് മേധാവി സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ യോഗം വിളിച്ചു ചേർത്തു. യോഗ തീരുമാനങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
മാനന്തവാടി: കൊട്ടിഘോഷിച്ച് മാവോവാദികൾക്കായി ഒരു ഭാഗത്ത് തിരച്ചിൽ നടക്കുമ്പോൾ പൊലീസിനെ വെല്ലുവിളിച്ച് മാവോവാദികൾ നാട്ടിലിറങ്ങുന്ന സംഭവത്തിൽ സേനയിൽ അമർഷം പുകയുന്നതായി സൂചന. പരിശോധന കാര്യക്ഷമമല്ലെന്നാണ് ഒരു വിഭാഗം സേനാംഗങ്ങളുടെ വിലയിരുത്തൽ. രണ്ടാഴ്ചക്കിടെ നാലു തവണ തലപ്പുഴ കമ്പമല, മക്കിമല പ്രദേശങ്ങളിൽ മാവോവാദികൾ ജനങ്ങൾക്കിടയിൽ ഇറങ്ങി മണിക്കൂറുകളോളും ചെലവഴിച്ചു. മൂന്ന് കി.മീ. ചുറ്റളവിലാണ് സാന്നിധ്യം അറിയിച്ചത്.
ഇവിടങ്ങളിൽ അരിച്ചുപെറുക്കി പരിശോധന നടത്താതെ ഡ്രോണും ഹെലികോപ്ടറും ഉപയോഗിച്ച് കമ്പമലയെ തൊടാതെയുള്ള പരിശോധനയാണ് നടത്തിയത്. ഇതിലാണ് സേനയിൽ അമർഷം ഉയർന്നിരിക്കുന്നത്. തണ്ടർബോൾട്ടിനാണ് പരിശോധനയുടെ പ്രധാന ചുമതല. ജില്ലയിൽ 50 തണ്ടർബോൾട്ട് സംഘമാണുള്ളത്. ഇവരാകട്ടെ മാവോവാദി സാന്നിധ്യം ഉണ്ടാകുമ്പോൾ മാത്രമേ പട്രോളിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താനായി ഇറങ്ങാറുള്ളൂ. സ്ഥലങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള ലോക്കൽ പൊലീസിന്റെ സഹായം തേടാതെയാണ് പരിശോധന. അതുകൊണ്ടു തന്നെ മാവോവാദികളെ പിടികൂടുകയല്ല ഫണ്ട് മേടിച്ചെടുക്കലാണ് ലക്ഷ്യമെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.