മാനന്തവാടി: പേര്യ ചപ്പാരത്തുനിന്ന് പിടികൂടി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ മാവോവാദികളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരെയും അഞ്ച് ദിവസത്തേക്ക് കൽപറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും. ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും.
കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ തെളിവെടുപ്പുൾപ്പെടെയുള്ള നടപടി പൂർത്തിയാക്കാനാകൂ. അതേസമയം, എൻ.ഐ.എ, ഐ.ബി, നക്സൽ ബാധിത സംസ്ഥാനങ്ങളിലെ പൊലീസ് സംഘം എന്നിവ വയനാട്ടിൽ ക്യാമ്പ് ചെയ്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. എൻ.ഐ.എ ഉദ്യോഗസ്ഥർ തലപ്പുഴ പൊലീസ് സ്റ്റേഷനിലും മാവോവാദികൾ തങ്ങിയ പേരിയ ചപ്പാരത്തെ അനീഷിന്റെ വീട്ടിലുമെത്തി. അനീഷ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതായാണ് സൂചന.
കുഞ്ഞോം മട്ടിലയത്ത് പൊലീസുകാരൻ പ്രമോദിന്റെ ബൈക്ക് കത്തിച്ച കേസ് എൻ.ഐ.എ ആണ് അന്വേഷിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ട വിക്രം ഗൗഡ, സുന്ദരി എന്നിവരുമായി ചന്ദ്രുവിന് ബന്ധമുണ്ടോയെന്നാണ് എൻ.ഐ.എ പ്രധാനമായും അന്വേഷിക്കുന്നത്.
ചന്ദ്രു സൈനികരുടെ തോക്ക് ഉൾപ്പെടെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ചയാളാണ്. അതുകൊണ്ടുതന്നെ ചന്ദ്രുവിൽനിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് എൻ.ഐ.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.