മാനന്തവാടി: വന്യജീവികളെയും വനപാലകരെയും നിരീക്ഷിക്കാൻ വനത്തിൽ അതിക്രമിച്ചു കയറി കാമറ സ്ഥാപിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുനെല്ലി കുതിരക്കോട് ജംഗിൾ റിട്രീറ്റ് റിസോർട്ടിലെ മാനേജർ കേണിച്ചിറ കാവുങ്കൽ ഹൗസിൽ എം.കെ. മനു (33), റിസോർട്ടിലെ നാച്ചുറലിസ്റ്റ് കർണാടക ചിക്കബല്ലാപ്പുര താലൂക്ക് മസ്തൂർ വില്ലേജിലെ ഭാസ്കർ (23) എന്നിവരെയാണ് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് അറസ്റ്റ് ചെയ്തത്. മൂന്ന് കാമറകളാണ് വനത്തിൽ സ്ഥാപിച്ചിരുന്നത്. ഇത് വനപാലകർ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ റിസോർട്ടിന്റെ പ്രചാരണത്തിനു ഉപയോഗിച്ചതായും ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ റിസോർട്ട് വനത്തിലൂടെയുള്ള വന്യജീവികളുടെ സ്വഭാവിക സഞ്ചാരത്തിനു തടസ്സമുണ്ടാക്കുന്നതായി വനംവകുപ്പിനു പരാതിയും ലഭിച്ചിരുന്നു.
ഇരുവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം. മാധവൻ, കെ.വി. ബിന്ദു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജി.എൽ. പ്രശാന്ത്, ജി.എസ്. നന്ദഗോപാൽ, ഡി.ആർ. പ്രപഞ്ച്, ടി.കെ. നന്ദകുമാർ, ആർ. അശ്വിൻ, കെ. ഷിബു, ലിജോ ജോസ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.