മാനന്തവാടി: വന്യമൃഗശല്യം തടയാന്‍ തൂക്കുവേലി നിര്‍മിക്കുന്നതിന്റെ ഭാഗമായി തവിഞ്ഞാലിലെ വനമേഖലയില്‍നിന്നു മരങ്ങള്‍ മുറിച്ച സംഭവത്തില്‍ വനംവകുപ്പ് ഉന്നതതല സംഘം അന്വേഷണം തുടങ്ങി. ഉത്തരമേഖല വനം കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫെന്‍സിങ് നിര്‍മാണത്തിനും മറ്റും മേല്‍നോട്ട ചുമതല വഹിക്കേണ്ട നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്ട്ടിന് ലോവലിന് ഉള്‍പ്പെടെ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായാണ് വിവരം.
ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് എട്ടര ലക്ഷം രൂപ ചെലവില്‍ തവിഞ്ഞാല്‍ 43ല്‍ നിന്നു തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് ഭാഗത്തുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് തൂക്കുവേലി പ്രതിരോധം തീര്‍ക്കുന്നത്. തൂക്കുവേലി കടന്നുപോകാനുള്ള വഴിയിലെ മരങ്ങള്‍ വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതികൂടാതെ നടപടി ക്രമങ്ങള്‍ പാലിക്കാതെയും മുറിച്ചതാണ് വിവാദമായത്.
മരങ്ങള്‍ മുറിക്കാന്‍ അനുമതി ലഭിക്കുമെന്നിരിക്കെ ഇതിനായി ശ്രമിക്കാതെയാണ് വലുതും ചെറുതുമായ മരങ്ങള്‍ മുറിച്ചിരിക്കുന്നത്. അനുമതിക്കായി കാത്തിരുന്നാല്‍ തൂക്കുവേലി നിര്‍മാണം പിന്നേയും നീണ്ടുപോകുന്നതിനാലാണ് മരങ്ങള്‍ അനുമതിക്കു കാത്തുനില്‍ക്കാതെ വേഗത്തില്‍ മുറിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിർമാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി വാര്‍ഡ് മെംബര്‍ ചെയര്‍മാനായി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് മരങ്ങള്‍ മുറിച്ചുനീക്കിയതെന്നാണ് സൂചന. നീര്‍മരുത്, കരിവെട്ടി, ആഞ്ഞിലി, വറളി തുടങ്ങിയ മരങ്ങളാണ് മുറിച്ചുമാറ്റിയത്.
മുറിച്ച മരങ്ങളളെല്ലാം തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടിട്ടുണ്ട്. അനുമതിയില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ച സുഗന്ധഗിരി മരം മുറി സംഭവത്തില്‍ മേൽനോട്ട വീഴ്ചയുടെ പേരിൽ ഡി.എഫ്.ഒ ഉള്‍പ്പെടെ കുറ്റക്കാരായി കണ്ട് വനംവകുപ്പ് നടപടിയെടുത്തിരുന്നു. എന്നാല്‍, തവിഞ്ഞാലില്‍ ഡി.എഫ്.ഒ, റേഞ്ചര്‍ എന്നിവരെ സംരക്ഷിച്ച് താഴെക്കിടയിലെ ജീവനക്കാരെ ബലിയാടാക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ രണ്ടു പേരെ സസ്പെൻഡ് ചെയ്തതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.