മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ പുതുശ്ശേരി നരിക്കുന്ന് പള്ളിപറമ്പിൽ തോമസ് മരണത്തിനു കീഴടങ്ങി. ഇതിനെ തുടർന്നുണ്ടായ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.
ഹർത്താൽ ഉൾപ്പെടെ പ്രതിഷേധങ്ങളാണ് ജില്ലയിൽ. കൃഷിയിടത്തിൽ കടുവയെ കണ്ടതായി പ്രചരിച്ച വാര്‍ത്ത തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരി നരിക്കുന്ന് വെള്ളാരംകുന്ന് പ്രദേശത്തുകാര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് തോമസ് എന്ന സാലുവിന് ആക്രമണത്തില്‍ പരുക്കേറ്റതോടെ വാര്‍ത്ത യാഥാര്‍ഥ്യമാണെന്ന് ബോധ്യമായി.
മാനന്തവാടി വനം റേഞ്ചിലെ മക്കിയാട് സ്റ്റേഷന് പരിധിയില്‍പ്പെട്ട പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് വ്യാഴാഴ്ച രാവിലെയാണ് കടുവയിറങ്ങിയത്. പരിക്കേറ്റ സാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം കടുവയുടെ കാല്‍പ്പാടുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥിരീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ വെണ്മണിയിലും പാലോട്ടും തൊട്ടടുത്ത പ്രദേശങ്ങളിലെ വയലുകളിലും ഇതേകാല്പ്പാടുകള് കണ്ടെത്തി. ഇതെല്ലാം ഒരേ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
രാവിലെ 9.30നാണ് നടുപ്പറമ്പില്‍ ലിസി വാഴത്തോട്ടത്തിന് സമീപം കടുവയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത ആലക്കല്‍ ജോമോന്റെ വയലിലും കണ്ടത്തി. ഇതിനിടെ വനം വകുപ്പിനെ വിവരമറിയിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പത്തുമണിയോടെയാണ് പ്രദേശവാസിയായ തോമസിന് നേരെ കടുവയുടെ ആക്രമണമുണ്ടായത്. തോട്ടത്തിൽ കുരുമുളക് പറിക്കാനായി പോയതായിരുന്നു തോമസ്. വലതുകാലിലാണ് കടുവ ആക്രമിച്ചത്. നെഞ്ചിലും കൈക്കും പരിക്കേറ്റു. കടുവയുടെ കഴുത്തിൽ പിടിച്ചാണ് തോമസ് പ്രതിരോധിച്ചത്. ഇതിനിടെ ആളുകളുടെ ബഹളം കേട്ടതോടെ കടുവ പിന്തിരിഞ്ഞു.
ആവശ്യത്തിന് സജ്ജീകരണങ്ങളോ ആള്‍ബലമോ ഇല്ലാതെ കടുവയെ തുരത്താൻ എത്തിയതിന് എതിരെയാണ് പ്രതിഷേധം. തുടര്‍ന്ന് വനം വകുപ്പ് ആര്.ആര്.ടി ഉള്‍പ്പെടെ കൂടുതല്‍ സംഘവും തൊണ്ടര്‍നാട് പൊലീസും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പരിക്കേറ്റ തോമസ് വൈകീട്ടോടെ മരിച്ചെന്നറിഞ്ഞതോടെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതരായി.
വനംവകുപ്പ് നടപടികൾ ഇഴയുകയാണെന്നും ഇതുവരെയും ഒരു സംവിധാനവും ഏര്‍പ്പെടുത്തിയില്ലെന്നും ആരോപിച്ചായിരുന്നു വനം വകുപ്പുദ്യോഗസ്ഥരെ തടയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നാട്ടുകാരെത്തിയത്. തുടര്‍ന്ന്, കടുവ തമ്പടിച്ച സ്ഥലം കണ്ടെത്തിയതായും രാത്രിയോടെ കൂടുകള്‍ സ്ഥാപിച്ച് പിടികൂടാനാവശ്യമായ നടപടികളെടുക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നല്‍കുകയായിരുന്നു.
എം.എൽ.എ ഒ.ആർ. കേളു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് ശങ്കരൻ മാസ്റ്റർ, നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ അജേഷ്, മാനന്തവാടി തഹസിൽദാർ എൻ.ജെ. അഗസ്റ്റ്യൻ എന്നിവരെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്.
കൽപറ്റ: വൈകീട്ട് നാലരയോടെയാണ് തോമസിന്റെ മരണവാർത്ത കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ഭാര്യ സിനിയെയും മകൻ സോജനെയും മറ്റു കുടുംബാംഗങ്ങളെയും അറിയിക്കുന്നത്. അരുതാത്തത്തൊന്നും സംഭവിക്കില്ലെന്ന പ്രാർഥനയോടെ ആശുപത്രിയുടെ മുന്നിൽ കാത്തുനിന്നവർക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത.
മരണവിവരം കേട്ട് അലമുറയിട്ട് കരഞ്ഞ് തളർന്നുവീണ സിനിയെ ആശ്വസിപ്പിക്കാൻ കുടുംബാംഗങ്ങൾക്കായില്ല. ഉടനെ തന്നെ അവരെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മകൻ സോജനെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുകളും നിസ്സഹായരായി.
കൽപറ്റ ജനറൽ ആശുപത്രിയിൽനിന്ന് കൽപറ്റ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുമ്പോഴും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയുണ്ടായിരുന്നു. കടുവയുടെ ആക്രമണത്തിൽ വലതുകാലിനു മാത്രമായിരുന്നു സാരമായ പരിക്കുണ്ടായിരുന്നത്. ഇതിനാൽ തന്നെ തോമസിന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു അവർ.
പരിക്കേറ്റ തോമസിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും എത്തിയിരുന്നു. തങ്ങളുടെ ഓർമയിൽ ഒരിക്കൽ പോലും ഒരു കുരങ്ങുപോലും വന്നിട്ടില്ലാത്ത സ്ഥലത്താണ് ഇപ്പോൾ കടുവ എത്തിയതെന്നും ഇപ്പോഴും നടന്ന സംഭവങ്ങളൊന്നും തന്നെ വിശ്വസിക്കാനാകുന്നില്ലെന്നും തോമസിന്റെ ബന്ധുവായ കുറ്റിയാനിക്കൽ ബിജു പറഞ്ഞു.
കാട്ടാനയോ കടുവയെ ഒന്നും തന്നെ പ്രദേശത്ത് ഇതുവരെ ഭീതിപരത്തിയിട്ടില്ല. കുന്നിൻമുകളിലാണ് കൃഷിയിടം. അവിടെനിന്ന് ശബ്ദം കേട്ടാണ് താൻ ഉൾപ്പെടെയുള്ളവർ ഓടിച്ചെല്ലുന്നത്. കടുവ തോമസിനെ വലിച്ചിഴച്ച പാടുകളുണ്ടായിരുന്നുവെന്നും തോട്ടത്തിൽ വെച്ച് അദ്ദേഹത്തെ കണ്ടെത്തിയ ഉടനെ സമീപവാസിയുടെ കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ബിജു പറഞ്ഞു.
അധികൃതർ മരണം സ്ഥിരീകരിച്ച് അൽപം കഴിഞ്ഞാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ മൃതദേഹം പുറത്തേക്ക് കൊണ്ടുവന്ന് മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് വൈകീട്ട് 5.10ഓടെ ആംബുലൻസിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കൽപറ്റ: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പള്ളിപ്പുറത്ത് തോമസിന് അടിയന്തര ചികിത്സ നൽകുന്നതിനായി കൈനാട്ടിയിലെ കൽപറ്റ ജനറൽ ആശുപത്രിയിൽനിന്നും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ലഭിച്ചില്ലെന്ന് ആക്ഷേപം.
മാനന്തവാടിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കൽപറ്റ ബൈപ്പാസിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ലഭിക്കാൻ വൈകിയത് തടസമായായെന്നുമാണ് കൂടെയുണ്ടായിരുന്നവരുടെ പരാതി.
വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ലഭിക്കാൻ വൈകിയതോടെ 108 ആംബുലൻസിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിനുശേഷമാണ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ തോമസിനെ എത്തിക്കുന്നത്. കൽപറ്റയിലെ മറ്റു സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് സൗകര്യമുണ്ടായിട്ടും അധികൃതർ സമയോചിതമായി ഇടപെട്ട് അടിയന്തര ചികിത്സ ഉറപ്പാക്കാൻ വൈകിയെന്നും ഇക്കാര്യത്തിൽ ഏകോപനമുണ്ടായില്ലെന്നും ആശുപത്രിയിലെത്തിയ ബന്ധുക്കൾ ആരോപിച്ചു.
മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളജിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കൽപറ്റ ബൈപാസിൽ വെച്ച് അപ്രതീക്ഷിതമായി തോമസിന് ഹൃദയാഘാതമുണ്ടാകുന്നത്. തുടർന്ന് ഏറ്റവും അടുത്തുള്ള കൈനാട്ടിയിലെ കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അടിയന്തര ചികിത്സ നൽകി. തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിവരം ലഭിച്ചിട്ടും സ്വകാര്യ ആശുപത്രിയിൽനിന്ന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്തുന്നതിനായി കൈനാട്ടി ജനറൽ ആശുപത്രിയിൽ ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നെന്നാണ് പരാതി. ജനറൽ ആശുപത്രിയിലെ വെന്റിലേറ്റർ ആംബുലൻസ് ശബരിമല ഡ്യൂട്ടിക്കായി പോയതായിരുന്നു. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് കേടായതോടെ നടപടികൾ വൈകിയതെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.