മാനന്തവാടി: കുറുവ ദ്വീപ് തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ഒ.ആർ.കേളു സൗത്ത് വയനാട് ഡി.എഫ്.ഒക്ക് അയച്ച കത്തിന് പുല്ലുവില കൽപ്പിച്ച് വനം വകുപ്പ്. മന്ത്രി കുറുവ ഡി.എം.എ.സി ചെയർമാൻ കൂടിയാണ്. നിലവിൽ ഡി.ടി.പി.സിയും വനം വകുപ്പും തമ്മിൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തർക്കം നിലനിൽക്കുന്നതിനാൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ യോഗം ചേരുന്നതുവരെ മുമ്പത്തെ തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി തിങ്കളാഴ്ച സൗത്ത് വയനാട് ഡി.എഫ്.ഒക്ക് ഇ-മെയിൽ വഴിയും തപാൽ വഴിയും കത്തയച്ചത്. എന്നാൽ ഈ കത്ത് മുഖവിലക്കെടുക്കാതെ വനം വകുപ്പ് വർധിപ്പിച്ച ടിക്കറ്റ് നിരക്ക് പ്രകാരം ഡി.ടി.പി.സിയെ നോക്കുകുത്തിയാക്കി സഞ്ചാരികളെ പ്രവേശിപ്പിക്കുകയായിരുന്നു. വനം വകുപ്പിന്റെ ഈ നിലപാടിൽ മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. അടുത്ത ദിവസം ചേരുന്ന ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ഇ.ഡി.സി സംയുക്ത യോഗത്തിൽ വിഷയം ചൂടേറിയ ചർച്ചകൾക്ക് ഇടായാക്കിയേക്കും.
സഞ്ചാരികളെ കൊള്ളയടിച്ച് വനംവകുപ്പ്
മാനന്തവാടി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ എട്ടു മാസത്തിന് ശേഷം കുറുവാ ദ്വീപ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. എന്നാൽ, ഫീസ് ഇരട്ടിയാക്കി വനംവകുപ്പ് സഞ്ചാരികളെ കൊള്ളയടിക്കുന്നുവെന്ന ആരോപണം ശക്തമായി. വനസംരക്ഷണ സമിതി ജീവനക്കാരൻ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുൽപള്ളിയിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ ഹൈകോടതി ഫെബ്രുവരി 16ന് നിർദേശം നൽകിയത്. സർക്കാറിന്റെ ഇടപ്പെടലിനെത്തുടർന്ന് ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയും പ്രവേശന നിരക്ക് വർധിപ്പിച്ചും സഞ്ചാരികളെ പ്രവേശിപ്പിക്കാൻ സെപ്റ്റംബർ 25ന് ഹൈകോടതി അനുമതി നൽകുകയായിരുന്നു.
കുറുവ ദ്വീപിലേക്ക് 400 പേർക്കുള്ള പ്രവേശനം വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാക്കം ചെറിയ മല വഴി മാത്രം മതിയെന്ന വനം വകുപ്പ് തീരുമാനം ജനകീയ പ്രതിഷേധത്തിന് ഇടയാക്കി. കർമസമിതിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിലാണ് പാൽ വെളിച്ചം വഴിയും 200 പേരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച പാൽ വെളിച്ചത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വൈഫൈ സംവിധാനം, വി.എസ്.എസ് ജീവനക്കാർക്കുള്ള ഇരിപ്പിടം, ആളുകളെ കൊണ്ട് പോകുന്നതിനുള്ള ചങ്ങാടം എന്നിവ സജ്ജീകരിക്കാൻ ഡി.ടി.പി.സിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഫെറി ചാർജ് സംബന്ധിച്ച തീരുമാനം അറിയിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ വി.എസ്.എസ് ജീവനക്കാർ എത്തിയെങ്കിലും ഫെറി ചാർജ് സംബന്ധിച്ച തീരുമാനം ഇല്ലാത്തതിനാൽ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ ഡി.ടി.പി.സി തയാറായില്ല. ഫെറി ചാർജ് നിരക്കിനെച്ചൊല്ലി ഡി.ടി.പി.സിയും വനം വകുപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രവേശനം വൈകിയത് സഞ്ചാരികളെ നിരാശയിലാക്കിയിരുന്നു. സംഭവം അറിഞ്ഞ് ചെതലയം റേഞ്ച് ഓഫിസർ കെ.ബി. രാജീവ് കുമാർ സ്ഥലത്തെത്തി പാൽ വെളിച്ചം ഡി.ടി.പി.സി മാനേജർ രതീഷുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് ദ്വീപിൽ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർമാരായ ടിജി ജോൺസൺ, ഷിബു കെ. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബ ശ്രീ പ്രവർത്തകർ, കച്ചവടക്കാർ, പ്രദേശവാസികൾ എന്നിവർ പ്രതിഷേധവുമായെത്തി. ജില്ല കലക്ടർ, ഡി.എഫ്.ഒ എന്നിവരെ ഫോണിൽ ബന്ധപ്പെട്ടതോടെ പ്രശ്നത്തിന് താത്ക്കാലിക പരിഹാരമാവുകയായിരുന്നു.
രാവിലെ ഒമ്പതു മണിക്ക് പ്രവേശനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഉച്ചക്ക് ഒന്നോടെയാണ് സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. മുതിർന്നവർക്ക് 110 ൽ നിന്ന് 220 രൂപയും കുട്ടികൾക്ക് 75 രൂപയിൽ നിന്ന്150 രൂപയും വിദേശികൾക്ക് 440 രൂപയുമാണ് വർധിപ്പിച്ച പ്രവേശന നിരക്ക്.
ഡി.ടി.പി.സിയുടെ അവഗണന അംഗീകരിക്കാനാകില്ല - കോൺഗ്രസ്
മാനന്തവാടി: ഡി.ടി.പി.സിയും വിവിധ വകുപ്പുകളും മാനന്തവാടിയെ അവഗണിക്കുന്നതായി കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. വയനാട് ഉത്സവമെന്ന പേരിൽ ലക്കിടിയിലും കൽപറ്റയിലും സുൽത്താൻബത്തേരിയിലും വിവിധതരത്തിലുള്ള കൂട്ടായ്മകളും പരിപാടികളും സാംസ്കാരിക കൂട്ടായ്മകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, മാനന്തവാടിയെ ടൂറിസം മേഖലയിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ഒരു അധികാരികളും ഒരു വകുപ്പുകളും ഒന്നും ചെയ്യാത്തത് പക്ഷപാതപരമാണ്.
പഴശ്ശിയുടെയും ടിപ്പുവിന്റെയും പ്രൗഢമായ സ്മരണകൾ നിലനിൽക്കുന്നതോടൊപ്പം കോറോം, ബാവലി മഖാമുകൾ, മാനന്തവാടി ലത്തീൻപള്ളി, സി.എസ്.ഐ പള്ളി, തിരുനെല്ലി ക്ഷേത്രം, പാപനാശിനി, വള്ളിയൂർക്കാവ് ഉൾപ്പെടെയുള്ള തലയെടുപ്പുള്ള തീർഥാടക ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടുന്ന പ്രദേശമാണ് മാനന്തവാടി. കുറുവ, ബ്രഹ്മഗിരി, മുനീശ്വരൻ കുന്ന്, കുങ്കിച്ചിറ, പഴശ്ശികുടീരം, പഴശ്ശി പാർക്ക്, തോൽപ്പെട്ടി വന്യജീവി സങ്കേതം ഉൾപ്പെടെയുള്ള മാനന്തവാടി താലൂക്കിനെ ഒഴിവാക്കി നടക്കുന്ന ഉത്സവം അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് നേതൃയോഗം ആരോപിച്ചു.
വയനാടിനെ ഒന്നായി കാണുന്നതിന് പകരം മാനന്തവാടി താലൂക്കിനെ ഒറ്റപ്പെടുത്തുന്നവർ യഥാർഥ ഒറ്റുകാരാണെന്നും അവർക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും യോഗം പറഞ്ഞു. എ.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ. എം.കെ. വർഗീസ്, പി.കെ. ജയലക്ഷ്മി, അഡ്വ. വേണുഗോപാൽ, എം.ജി. ബിജു, ശ്രീകാന്ത് പട്ടയൻ, പി.വി. ജോർജ്, സില്വി തോമസ്, എക്കണ്ടി മൊയ്തുട്ടി, സുനിൽ ആലിക്കൽ, കെ. ഷിബു, ജോർജ്, സതീഷ് പുളിമൂട്, ശശികുമാർ, വി.എസ്. ടോമി ഓടക്കൽ, കെ.വി. ജോൺസൺ എന്നിവർ സംസാരിച്ചു.
അമിത ടിക്കറ്റ് നിരക്ക് വിനോദസഞ്ചാര മേഖലയെ തകർക്കും -വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റി
കൽപറ്റ: ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളായ ചെമ്പ്രമല, സൂചിപ്പാറ, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ് എന്നിവിടങ്ങളിൽ വൻതോതിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച നടപടി വിനോദ സഞ്ചാരികളോടുള്ള വെല്ലുവിളിയാണെന്ന് വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റി. ഉരുൾപൊട്ടലിന് ശേഷം സാമ്പത്തികമായി തകർന്നു നിൽക്കുന്ന വയനാടൻ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സഞ്ചാരികളെ എത്തിക്കുവാനുള്ള ശ്രമങ്ങൾക്ക് പകരം വൻതോതിൽ ചാർജ് വർധിപ്പിച്ചത് വെല്ലുവിളിയാകും.
ചെമ്പ്രമലയിലെ ട്രക്കിങ് നിരക്ക് അഞ്ചു പേരടങ്ങുന്ന സംഘത്തിന് 1750 രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ല. ടിക്കറ്റ് നിരക്ക് വർധവ് പുന:പരിശോധിച്ചില്ലെങ്കിൽ വിനോദ സഞ്ചാര മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ചു ജീവിക്കുന്നവരെ ഉൾപ്പെടുത്തി ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം പറഞ്ഞു. പ്രസിഡന്റ് പി.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എ. അരുൺദേവ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജി സദാനന്ദൻ, റെനിൽ മാത്യു, റഊഫ് ഒലിവ്സ്, റംല ഹംസ, വൈശാഖ്, ഉസ്മാൻ മദാരി, മുബശിർ, ശ്യാം കൽപറ്റ, പി. ജുബൈർ, പി. ഹാരിസ്, പ്രജീഷ് വെണ്ണിയോട്, വി. നിസാർ എന്നിവർ സംസാരിച്ചു.
കുറുവ ദ്വീപ് തുറന്നു
പുൽപള്ളി: എട്ടുമാസത്തെ ഇടവേളക്ക് ശേഷം കുറുവാ ദ്വീപ് ചൊവ്വാഴ്ച മുതൽ സന്ദർശകർക്കായി വീണ്ടും തുറന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായിരുന്നു പ്രവേശന സമയം. ചൊവ്വാഴ്ച ചെറിയമല ഭാഗത്ത് കൂടി കുറുവ ദ്വീപ് സന്ദർശിച്ചവരുടെ എണ്ണം 83 ആയിരുന്നു. ആകെ വരുമാനം 18,260 രൂപ.
ബാംഗ്ലൂർ, ഹൈദരാബാദ്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു കൂടുതൽ ആളുകളെത്തിയത്. മഴമൂടിയ കാലാവസ്ഥയായതിനാൽ വഴികളിൽ ചെളി നിറഞ്ഞതും സന്ദർശകർ കുറയാൻ കാരണമായി. കൂടുതൽ സന്ദർശകർ വരും ദിവസങ്ങളിൽ എത്തിച്ചേരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.