മാനന്തവാടി: ആദിവാസികളായ കോവിഡ് രോഗികൾക്ക് നഗരസഭക്കു കീഴിലെ ഡൊമിസിലിയറി കെയർ സെൻററിൽ (ഡി.സി.സി) അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് പരാതി. വരടിമൂല കോളനിയിലെ 18 രോഗികൾ വ്യാഴാഴ്ച രാത്രി അന്തിയുറങ്ങിയത് നിലത്ത് പായവിരിച്ച്. മാനന്തവാടി വരടിമൂല കോളനിയിൽ നടത്തിയ ക്യാമ്പിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കെയർ സെൻററുകളിൽ എത്തിക്കുന്ന രോഗികൾക്ക് കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് സർക്കാർ നിർദേശം നഗരസഭ അവഗണിച്ചതായി പരാതി ഉയർന്നു.
അതേസമയം ഉച്ചക്ക് ഒന്നോടെ കോവിഡ് സ്ഥിരീകരിച്ച രോഗികളെ രാത്രി എട്ടോടെയാണ് ചെറ്റപ്പാലത്തെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. രാത്രി വൈകിയതിനാലാണ് സൗകര്യം ഒരുക്കാൻ കഴിയാതിരുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം. നിലവിൽ 65 കിടക്കകളാണ് ഇവിടെയുള്ളത്. ഇതിൽ മുഴുവനും രോഗികളാണ്. സംഭവം വിവാദമായതോടെ നഗരസഭാധികൃതർ വെള്ളിയാഴ്ച രാവിലെ സൗകര്യപ്രദമായ സ്ഥലത്തേക്ക് ഈ രോഗികളെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ തയാറായില്ല. തുടർന്ന് ഇവിടെ തന്നെ കട്ടിലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു.
അതിനിടെ നഗരസഭ പുതിയ കോവിഡ് നിരീക്ഷണ കേന്ദ്രം ആരംഭിക്കാനുള്ള നടപടി തുടങ്ങി. മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ബ്ലോക്കിൽ 150 പേർക്ക് കിടക്കാനുള്ള സൗകര്യങ്ങളാണ് സജ്ജീകരിക്കുന്നത്.
മാനന്തവാടി: കോവിഡ് രോഗികൾക്ക് ഡൊമിസിലിയറി സെൻററിൽ മതിയായ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന സംഭവത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മാനന്തവാടി നഗരസഭ ഭരണസമിതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രചാരണം രാഷ്ട്രീയപ്രേരിതമാണ്. മെഡിക്കൽ ഓഫിസറുടെ പോലും അനുമതിയില്ലാതെ സി.പി.എം വാർഡ് കൗൺസിലർ രോഗികളെ സെൻററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് മാനന്തവാടി നഗരസഭയിൽ നടന്നുവരുന്നത്. കൗൺട്രോൾ റൂമും ചെറ്റപ്പാലം സെൻറ് പാട്രിക്സ് സ്കൂളിൽ 65 പേർക്കുള്ള ഡൊമിസിലറി കെയർ സെൻററും പ്രവർത്തിക്കുന്നുണ്ട്. ഈ സെൻററിലേക്കാണ് വ്യാഴാഴ്ച വരടിമൂല കോളനിയിലെ 18 കോവിഡ് രോഗികളെ വാർഡ് കൗൺസിലറുടെ തീരുമാനപ്രകാരം എത്തിക്കുന്നത്. സ്ഥലസൗകര്യങ്ങൾ പരിമിതമാണെന്ന് രോഗികളെ ബോധ്യപ്പെടുത്തുകയും ഒരു രാത്രി മാത്രം ഇവിടെ കഴിയണമെന്നും വെള്ളിയാഴ്ച രാവിലെ തന്നെ മറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്നും പറഞ്ഞാണ് ഇവിടെ പ്രവേശിപ്പിച്ചത്. പിന്നീട് വെള്ളിയാഴ്ച രാവിലെ അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിക്കുകയാണ് കൗൺസിലറും പ്രതിപക്ഷവും ചെയ്തതെന്നും ഭരണസമിതി പറഞ്ഞു.
മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 150 കിടക്കകളുള്ള മറ്റൊരു സെൻറർ കൂടി ഒരുക്കിയിട്ടുണ്ടെന്നും സർക്കാറിൽനിന്നു അനുവദിച്ചു കിട്ടിയ 30 ലക്ഷം രൂപ ഉപയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി. ജോർജ്, മാർഗരറ്റ് തോമസ്, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് െസബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.