മാനന്തവാടി: നിരന്തരം മാവോവാദികളുടെ സാന്നിധ്യമനുഭവപ്പെടുന്ന തലപ്പുഴയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ വിവിധ സാധന സാമഗ്രികൾ കണ്ടെത്തി. പൊയിലിലെ റിസോർട്ടിനു സമീപത്തു നിന്നാണ് ചൊവ്വാഴ്ച വിവിധ സാധനങ്ങൾ കണ്ടെത്തിയത്. മാവോ വാദികൾ കുഴിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം കുഴി ബോബു കണ്ടെത്തിയ മക്കിമല കൊടക്കാട് വനമേഖലക്കും ഇടക്കിടെ മാവോവാദികൾ വന്നുപോകുന്ന കമ്പമലക്കും അധികം ദൂരെയല്ലാത്ത സ്ഥലമാണിത്. തണ്ടർബോൾട്ട് സേനാംഗങ്ങൾ നടത്തുന്ന സ്ഥിരം പരിശോധനക്കിടെയാണ് മണ്ണ് നീങ്ങിയിടത്ത് പ്ലാസ്റ്റിക് ഷീറ്റ് കണ്ടത്.
ഇത് പുറത്തെടുത്തു നോക്കിയപ്പോഴാണ് കാക്കി നിറമുള്ള വസ്ത്രമുൾപ്പെടെ കണ്ടെത്തിയത്. വിവിധ നിറമുള്ള പ്ലാസ്റ്റിക് ഷീറ്റുകള്‍, മഴക്കോട്ടുകള്, സാധാരണ ഷര്‍ട്ടുകള്‍, ചെരിപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഷാളുകള്‍, ഗുളികകള്‍, ബ്രഷുകള്‍, ടൂത്ത് പേസ്റ്റ്, എട്ടോളം ബാറ്ററികള്‍, നാല് പ്ലാസ്റ്റിക് ചാക്കുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആയുധമുൾപ്പെടെ കുഴിയെടുത്ത് സൂക്ഷിക്കുന്നത് മാവോവാദികളുടെ സ്ഥിരം രീതിയാണ്. അതുകൊണ്ടു തന്നെ കണ്ടെത്തിയ വസ്തുക്കൾ മാവോവാദികളുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്.
കണ്ടെത്തിയ സാധനങ്ങൾക്ക് കാലപ്പഴക്കമുണ്ട്. മുമ്പ് ഇവിടെ തമ്പടിച്ചിരുന്ന മാവോവാദികൾ സൂക്ഷിച്ചതാണോ എന്ന സംശയവുമുണ്ട്. സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സ്ഥിരമായി കമ്പമലയിലും മറ്റും സാന്നിധ്യമറിയിക്കുന്നത്. മുമ്പ് വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ചില മാവോവാദികൾ അവരുടെ പ്രവർത്തനം കർണാടകയിലേക്ക് മാറ്റിയിട്ടുണ്ട്. അവൻ മുമ്പ് സൂക്ഷിച്ച സാധനങ്ങളാണോ ഇപ്പോൾ കണ്ടെത്തിയത് എന്നാണ് സംശയം.
വിവരമറിഞ്ഞ് മാനന്തവാടി ഡിവൈ.എസ്.പി പി. ബിജുരാജ്, തലപ്പുഴ ഇൻസ്പെക്ടർ കെ.പി. ശ്രീഹരി, അഡീഷനൽ എസ്.ഐ എസ്.പി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മാവോവാദികൾക്കായി സ്പെഷല്‍ ഓപറേഷന് ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട്, പൊലീസ് എന്നിവര്‍ മക്കിമലയിലും പരിസര പ്രദേശത്തും പരിശോധന തുടരുകയാണ്. ആഴ്ചകൾക്കു മുമ്പാണ് കൊടക്കാട് വനമേഖലയിൽ കുഴിബോംബ് കണ്ടെത്തിയത്. ഇതു തിരച്ചിലിനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ അപായപ്പെടുത്താൻ മാവോവാദികൾ സ്ഥാപിച്ചതാണെന്നു പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മക്കിമലയിൽ മാവോവാദി വിരുദ്ധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.