മാനന്തവാടി: വാഹന സൗകര്യമില്ലാത്ത ആദിവാസി കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന പദ്ധതിയായ വിദ്യാവാഹിനി സർക്കാർ സ്കൂളുകളെ അവഗണിക്കുന്നതായി കാണിച്ച് ഒരു കൂട്ടം വിദ്യാർഥികൾ മാനന്തവാടി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി മുമ്പാകെ ഹരജി നൽകി.
ജില്ലയിൽ 219 വിദ്യാലയങ്ങളിലായി 9873 ആദിവാസികുട്ടികളാണ് പഠിക്കുന്നത്.
ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള ആദിവാസി കുട്ടികൾക്കാണ് വിദ്യാവാഹിനി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. വൈത്തിരി താലൂക്കിൽ 68 വിദ്യാലയങ്ങളിലായി 2633 കുട്ടികളും സുൽത്താൻ ബത്തേരി താലൂക്കിൽ 75 സ്കൂളുകളിലായി 3022 കുട്ടികളും മാനന്തവാടി താലൂക്കിൽ 4218 കുട്ടികൾ 86 സ്കൂളുകളിലുമായി പഠിക്കുന്നുണ്ട്.
നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന സ്കൂളുകളിൽ നിന്നും പഠനം മാറ്റി പ്രദേശത്തിന് തൊട്ടുള്ള സ്കൂളുകളിൽ തന്നെപഠിക്കണമെന്ന ഉത്തരവാണ് വിദ്യാർഥികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
നേരത്തേ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ പഠിക്കാമായിരുന്നു. ദൂരപരിധിയുടെ പേരില്‍ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ എയ്ഡഡ് സ്കൂളുകളിൽ എത്തിക്കുന്നതിന് ചില ഉദ്യോഗസ്ഥർ സഹായിക്കുന്നതായും ആരോപണമുണ്ട്.
തൊട്ടടുത്ത് സ്കൂളിൽ ചേർക്കാതെ കുട്ടികളുടെ ഉയർന്ന പഠനത്തിനും രക്ഷിതാക്കളുടെ സൗകര്യത്തിനുമായി മറ്റ് സർക്കാർവിദ്യാലയങ്ങളിൽ ചേർക്കുന്ന കുട്ടികൾക്ക് വിദ്യാവാഹിനി പദ്ധതിയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
ഇത്തരം വിദ്യാര്‍ഥികളെ എയ്ഡഡ് സ്കൂളിലേക്ക് മാറ്റാനുള്ള നീക്കമാണ് ചില ഉദ്യോഗസ്ഥര്‍ നടത്തുന്നത്. പട്ടികവർഗ വിദ്യാർഥികളെ സ്കൂളിൽ കൊണ്ട് പോയി തിരികെ വീട്ടിൽ എത്തിക്കുന്ന ഗോത്ര സാരഥി പദ്ധതി കഴിഞ്ഞ യു.ഡി.എഫ്.ഭരണകാലത്താണ് ആരംഭിച്ചത്.
കഴിഞ്ഞവർഷം പദ്ധതിയുടെ പേര് വിദ്യാവാഹിനി എന്നാക്കി മാറ്റുകയായിരുന്നു. ഈ പദ്ധതി പ്രകാരം വാഹനം ഓടിയ വകയിൽ നിരവധി വാഹന ഉടമകൾക്ക് മാസങ്ങളായി വാടക ലഭിച്ചിട്ടില്ല. പല വാഹന ഉടമകളും ഓട്ടം നിർത്താനുള്ള തീരുമാനത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.