മാനന്തവാടി: മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിൽ 200 അംഗ ദൗത്യസേനയെ നിയോഗിച്ചിട്ടും പിടികൊടുക്കാതെ ബേലൂർ മഖ്ന. ദൗത്യസംഘത്തെ വട്ടം കറക്കി കൊലയാളി ആന അടിക്കാടുകളിൽ സുരക്ഷിതനായി നീങ്ങുന്നു. ദൗത്യസംഘത്തില്‍ നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത്, മണ്ണാര്‍ക്കാട്, കോഴിക്കോട് ആര്.അര്.ടി വിഭാഗത്തിലെ 200ഓളം ജീവനക്കാരാണ് ഉള്ളത്.
വനംവകുപ്പ് ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ തന്നെ ആനയെ പിടികൂടാനുള്ള ദൗത്യം സംഘം തുടങ്ങി. കാട്ടാനയുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതു പ്രകാരമാണ് ദൗത്യസംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയത്. മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ സന്നാഹങ്ങളും സജ്ജമാക്കിയിരുന്നു.
ഈ ദൗത്യത്തില്‍ നാല് കുങ്കിയാനകളെയും ഉപയോഗിച്ചു. ഏകദേശം 100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം ലഭിച്ചിരുന്നു. അനുകൂല സാഹചര്യം ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ആനയെ മയക്കുവെടി വെക്കാന്‍ ദൗത്യസംഘം സജ്ജമായിരുന്നെങ്കിലും രണ്ടാം ദിവസത്തെ ദൗത്യത്തിലും ആനയെ മയക്കുവെടിവെക്കാൻ കഴിഞ്ഞില്ല.
രാവിലെ 7.30ഓടെ മണ്ണുണ്ടി കോളനിക്ക് സമീപത്താണ് സിഗ്നൽ ലഭിച്ചത്. ഇവിടേക്കാണ് ദൗത്യസംഘം നീങ്ങിയത്. കൃത്യമായ ഇടവേളകളിൽ സിഗ്നൽ ലഭിച്ചുകൊണ്ടിരുന്നു. പത്തരയോടെ നേരിട്ട് കണ്ടതോടെ കുങ്കിയാനകളെ ഉപയോഗിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും കുങ്കിയാനകളെ കണ്ടതോടെ മോഴ ചിതറിയോടി. ഇതോടെ കുങ്കിയാനകളെ പിൻവലിച്ചു. തുടർന്ന് നേരിട്ട് ആനയെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അടിക്കാടുകളിൽ നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ വൈകീട്ട് ആറരയോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിൽ ദൗത്യം ബുധനാഴ്ച രാവിലെ തുടരും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാട്ടാനയെ നിരീക്ഷിക്കുന്നതിനായും രാത്രികാലങ്ങളിൽ ജനവാസ മേഖലയിൽ എത്തുന്നതിന് തടയുന്നതിനുമായി 13 ടീമുകളിലായി 65 പേരെ രാത്രികാല പരിശോധനകൾക്ക് നിയോഗിച്ചിട്ടുണ്ട്. ബാവലി, ആനക്കുഴി, കൂപ്പ് റോഡ് കോളനി, മണ്ണുണ്ടി, പാൽവെളിച്ചം, ഇരുമ്പുപാലം ഭാഗങ്ങളിലായി പരിശോധന സംഘം ക്യാമ്പ് ചെയ്യും. പൊലീസ് പട്രോളിങ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ: രാഹുൽ- റേഞ്ച് ഫോറസ്റ്റ് ഓഫിസർ -7907704985, രാജേഷ് -റേഞ്ച് ഫോറസ്റ്റ് ഓഫിസർ -8547602504, സുനിൽകുമാർ -റേഞ്ച് ഫോറസ്റ്റ് ഓഫിസർ -9447297891.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.