മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് മാനന്തവാടി താലൂക്കിൽ സ്ഥാപിക്കുന്നതിന് സി.പി.എം സംസ്ഥാന നേതൃത്വവും അനുകൂലമെന്ന് സൂചന. ശനിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ഇതിന് അംഗീകാരം നൽകിയതായി അറിയുന്നു. മന്ത്രിസഭയുടെ അംഗീകാരം ഈയാഴ്ച തന്നെ ഉണ്ടായേക്കും.
താൽക്കാലികമായി ജില്ല ആശുപത്രിയിൽ ആരംഭിക്കുകയും പിന്നീട് ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിെൻറ സ്ഥലത്തേക്ക് മാറ്റാനുമാണ് തീരുമാനം. അടുത്തിടെ ഉദ്യോഗസ്ഥ സംഘത്തിലെ റിപ്പോര്‍ട്ടിലും തവിഞ്ഞാല്‍ ബോയ്സ്ടൗണില്‍ ആരോഗ്യവകുപ്പിെൻറ 65 ഏക്കര്‍ ഭൂമി എടുത്തുപറയുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ജില്ല ആശുപത്രിയില്‍ മെഡിക്കൽ കോളജ് പ്രവര്‍ത്തനം തുടങ്ങുന്ന തീരുമാനമുണ്ടാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, പേരാവൂര്‍, കേളകം പ്രദേശങ്ങളിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതാണ് ബോയ്സ് ടൗണിലെ സ്ഥലം. ആരോഗ്യമന്ത്രിക്കും കണ്ണൂര്‍ സി.പി.എം ഘടകത്തിനും ബോയ്സ് ടൗണിലെ ഭൂമിയിൽ മെഡിക്കൽ കോളജ് വരുന്നതാണ് താൽപര്യമെന്ന് സൂചനയുണ്ട്. അതോടൊപ്പം, മാനന്തവാടി മണ്ഡലം സി.പി.എം നിലനിര്‍ത്തുകയെന്ന ലക്ഷ്യവും ഉണ്ട്. വടക്കേ വയനാട്ടിൽ, കണ്ണൂർ ജില്ലയോട് ചേർന്ന് ബോയ്സ് ടൗണില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനെതിരെ ബത്തേരി, കല്പറ്റ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയരുന്നുണ്ട്. സി.പി.എം കണ്ണൂര്‍ലോബിയുടെ താൽപര്യം ആരോപിച്ചാണ് എതിര്‍പ്പ്. എന്നാല്‍, മേപ്പാടിയിലും ചുണ്ടേലിലും മെഡിക്കല്‍ കോളജ് നിർദേശമുണ്ടായപ്പോൾ ഇല്ലാത്ത 'പ്രാദേശിക വികാരം' മാനന്തവാടിയിലെത്തുമ്പോൾ ഉയരുന്നതിനെതിരെ പരിഹാസത്തിെൻറ കൂരമ്പുകൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
സുൽത്താൻ ബത്തേരി: മെഡിക്കൽ കോളജിെൻറ കാര്യത്തിൽ വയനാട്ടിലെ ജനങ്ങൾ വീണ്ടും വഞ്ചിക്കപ്പെടുകയാണെന്ന് മുസ്ലിം ലീഗ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ജില്ലയിൽ 2012ൽ യു.ഡി.ഫ് സർക്കാർ പ്രഖ്യാപിക്കുകയും സൗജന്യമായി സ്ഥലം ലഭ്യമാക്കുകയും ഫണ്ട് വകയിരുത്തുകയും തറക്കല്ലിടുകയും ചെയ്ത മെഡിക്കൽ കോളജ് ഇടതു സക്കാർ ഇല്ലാത്ത പരിസ്ഥിതി പ്രശ്നത്തിെൻറ പേരിൽ നഷ്ടപ്പെടുത്തി. ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥിരമാക്കാനുമുള്ള സി.പി.എം കണ്ണൂർ ലോബിയുടെ കൊടുംചതി വയനാട്ടുകർ തിരിച്ചറിയണം. കൽപറ്റ എം.എൽ.എ ഇതുസംബന്ധിച്ച നിലപാട് തുറന്ന് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.പി. അയ്യൂബ് അധ്യക്ഷത വഹിച്ചു. എം.എ. അസ്സൈനാർ, കെ. നൂറുദ്ധീൻ, അബ്ദുല്ല മാടക്കര, സി.കെ. ഹാരിഫ്, വി. ഉമ്മർ ഹാജി, കെ.പി. അഷ്കർ, കണക്കയിൽ മുഹമ്മദ്, പി. ഉമ്മർ ഹാജി, സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, ഷബീർ അഹമ്മദ്, ഷമീർ ചൂര്യൻ, അമീൻ നായ്ക്കട്ടി എന്നിവർ സംസാരിച്ചു.
കൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ സ്ഥാപിക്കാനുള്ള നീക്കം ഗൂഢാലോചനയാണെന്ന് വയനാട് ചേംബർ ഓഫ് കോമേഴ്സ്. വയനാടിെൻറ എല്ലാ വികസന പദ്ധതികളും കണ്ണൂരിന് വേണ്ടി അട്ടിമറിക്കപ്പെടുകയാണ്. നഞ്ചൻകോട്-വയനാട്-നിലമ്പൂർ റെയിൽപാത എല്ലാ കേന്ദ്ര അനുമതികളും ലഭിച്ച് പ്രാരംഭ പ്രവർത്തികൾ തുടങ്ങിയ ശേഷമാണല്ലോ തലശ്ശേരി-മൈസൂരു റെയിൽപാതക്ക് വേണ്ടി അട്ടിമറിച്ചത്. രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുമ്പോഴാണ് കർണാടക ഹൈകോടതിയിലും സുപ്രീംകോടതി വിദഗ്ധ സമിതിയിലും കുട്ട-ഗോണിക്കുപ്പ ബദൽപാത മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. വയനാട് മെഡിക്കൽ കോളജ് വയനാട്ടുകാർക്കുവേണ്ടി ആവണമെന്നും പ്രസിഡൻറ് ജോണി പാറ്റാനി, ഡയറക്ടർ അഡ്വ. ടി.എ. റഷീദ് എന്നിവർ വ്യക്തമാക്കി.
കൽപറ്റ: വയനാട് മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനായി വിദഗ്ധ സമിതി നിർദേശിച്ച സ്ഥലം സർക്കാർ അംഗീകരിക്കരുതെന്ന് സുൽത്താൻ ബത്തേരി വാട്സ്ആപ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാൾ മെഡിക്കൽ കോളജ് എന്നതിലൂടെ വയനാട്ടുകാർ ആവശ്യപ്പെടുന്നത് വിദഗ്ധ ചികിത്സ സൗകര്യം ലഭ്യമാവുക എന്നതാണ്.
ചികിത്സ തേടി ചുരമിറങ്ങേണ്ടി വരുന്നതും സമയത്തിനെത്താനാവാതെ ആംബുലൻസുകളിൽ ജീവൻ വെടിയേണ്ടി വരുന്നതുമായ ദുരനുഭവങ്ങൾക്ക് അറുതിയാവണമെന്നതാണ് വയനാട്ടുകാരുടെ ആവശ്യം.
വടക്കേയറ്റത്ത് കണ്ണൂർ ജില്ലയോട് ചേർന്ന് മെഡിക്കൽ കോളജ് വരുന്നതിൽ വയനാട്ടുകാർക്ക് ഒരു ഉപകാരവുമില്ല. കൽപറ്റ, മീനങ്ങാടി, പനമരം തുടങ്ങിയ പ്രദേശങ്ങൾക്കിടയിൽ ധാരാളം ഭൂമി ലഭ്യമായിരിക്കേ വടക്കേയറ്റത്ത് തന്നെ അനുയോജ്യ സ്ഥലം നിർണയിച്ച സമിതി റിപ്പോർട്ട് ദുരൂഹമാണെന്നും അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.