മാനന്തവാടി: കാർഷിക മേഖലക്ക് പ്രതീക്ഷയേകി മാനന്തവാടി നഗരസഭ പരിധിയിലെ കൂടൽക്കടവ് മുതൽ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാൽവെളിച്ചം വരെ ആരംഭിച്ച ക്രാഷ് ഗാർഡ് ഫെൻസിങ്ങിന്റെ പ്രവൃത്തി തൂണുകളിലൊതുങ്ങി. റെയിൽപാത നിർമിക്കുന്ന കമ്പികളും സാമഗ്രികളും ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ആന പ്രതിരോധവേലി നിർമിക്കാൻ ലക്ഷ്യമിട്ടത്.
കാർഷിക ഭൂരിപക്ഷ മേഖലകളായ കൂടൽക്കടവ് ചാലിഗദ്ധ, കുറുവ ദ്വീപ്, പാൽവെളിച്ചം എന്നിവിടങ്ങളിൽ വന്യമൃഗശല്യം ഏറെ രൂക്ഷമാണ്. വർഷങ്ങൾക്കുമുമ്പ് പ്രദേശങ്ങളിൽ വൈദ്യുതി ഫെൻസിങ് സ്ഥാപിച്ചിരുന്നുവെങ്കിലും കാട്ടാനകൾ നശിപ്പിച്ചു. പിന്നീടുള്ള വർഷങ്ങളിൽ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന നിരന്തര ആവശ്യത്തിലായിരുന്നു ജനം. തുടർന്നാണ് 2018ൽ ക്രാഷ് ഗാർഡ് ഫെൻസിങ് സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ സാങ്കേതികത്വങ്ങളിൽ കുരുങ്ങി പദ്ധതി നിലക്കുകയായിരുന്നു. കുറുവ ദ്വീപ് വഴി കബനി പുഴകടന്നെത്തുന്ന കാട്ടാനകളാണ് ഇവിടങ്ങളിൽ വ്യാപക കൃഷി നാശം വരുത്തിവെക്കുന്നത്. വന്യമൃഗശല്യത്തെ തുടർന്ന് ഏക്കർ കണക്കിന് നെൽവയലുകളാണ് തരിശ്ശിട്ടിരിക്കുന്നത്.
കൂടാതെ വാഹനങ്ങൾ, വീടുകൾ എന്നിവക്ക് നേരെയും ആക്രമണങ്ങളുണ്ടാകാറുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വയലിൽ സൂക്ഷിച്ചിരുന്ന 40 ചാക്ക് നെല്ല് കാട്ടാനയിറങ്ങി നശിപ്പിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരമായി കിട്ടിയതാകട്ടെ 2500 രൂപ മാത്രവും. വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്നാണ് ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
നോർത്ത് വയനാട് വനം ഡിവിഷനുകീഴിലെ മാനന്തവാടി നഗരസഭ പരിധിയിലെ കൂടൽക്കടവ് മുതൽ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാൽവെളിച്ചം വരെ 4.680 കി.മീ ദൂരത്തിലാണ് പ്രതിരോധവേലി നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി 3.60 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, 2023 ആഗസ്റ്റിൽ ആരംഭിച്ച പ്രവൃത്തികൾ ഇപ്പോൾ നിലച്ച മട്ടിലാണ്. വേലിക്ക് ആവശ്യമായ തൂണുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു പണിയും പിന്നീട് നടത്തിയിട്ടില്ല. കാട്ടാനയുടെ ആക്രമണത്തിൽ പടമല പനച്ചിയിൽ അജീഷ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇത് ഉടൻ പൂർത്തീകരിക്കുമെന്ന് ഉന്നത വനപാലകർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അതും പാഴ് വാക്കായി. വനം വകുപ്പിന്റെയും കരാറുകാരന്റെയും കെടുകാര്യസ്ഥതയാണ് പ്രവൃത്തികൾ നിലക്കാൻ കാരണമെന്നാണ് ആരോപണം. ഇതിന്റെ പണികൾക്കായി നിരവധി പേരാണ് പ്രദേശത്ത് ഭൂമി വിട്ടുനൽകിയത്. ഭൂമിയിലെ കാർഷിക വിളകൾ വെട്ടി മാറ്റുകയും ചെയ്തു. മണ്ണിൽ കുഴിച്ചിട്ട തൂണുകൾ തുരുമ്പെടുത്ത് നശിക്കാറായ നിലയിലാണ്. കുറുവ ദീപിന് സമീപത്ത് തൂണുകൾ നിലംപതിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.