മേപ്പാടി: കാരാപ്പുഴ കുടിവെള്ള പദ്ധതി പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നു. ജല സംഭരണികൾ, ശുചീകരണ പ്ലാന്റ് എന്നിവയുടെ പ്രവൃത്തികൾ പാതിവഴിയിലാണെങ്കിലും വീടുകളിൽ ടാപ്പും മീറ്ററും സ്ഥാപിക്കുന്ന പ്രവൃത്തി തകൃതിയാണ്. ഇതിനായി കുത്തിപ്പൊളിച്ച റോഡുകൾ മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ലാത്തത് ജനങ്ങൾക്ക് ദുരിതമായി.
പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ഫണ്ടുകൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, മാസങ്ങളായിട്ടും നടപടിയില്ല. കരാറുകാർക്ക് പണം ലഭിക്കാത്തതാണ് കാരണമെന്നും സൂചനയുണ്ട്.
കാരാപ്പുഴ റിസർവോയറിൽ നിന്ന് വെള്ളം പമ്പ് ചെയ്തു ശുദ്ധീകരിച്ച് മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പതിറ്റാണ്ട് മുമ്പാണ് സംസ്ഥാന ജല അതോറിറ്റിക്ക് കീഴിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. നത്തംകുനി റിസർവോയറിന് സമീപത്തായി കിണറും പമ്പ് ഹൗസും വർഷങ്ങൾക്കു മുമ്പ് പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തതാണ്.
ജല സംഭരണി, ശുചീകരണ പ്ലാന്റ് എന്നിവ നിർമിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്താൻ ചുമതലപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്നതാണ് പദ്ധതി വൈകാൻ കാരണം. ഇതിനിടയിൽ പദ്ധതി ജൽ ജീവൻ മിഷന് കീഴിലാക്കുകയും അമ്പലവയൽ, നെന്മേനി, പൂതാടി തുടങ്ങി ഗുണഭോക്താക്കളായി ഏതാനും പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലപ്പെടുത്തുകയും ചെയ്തു.
ജല സംഭരണി, ശുദ്ധീകരണ പ്ലാന്റ് എന്നിവ നിർമിക്കാനായി മേപ്പാടി നെടുമ്പാലയിൽ എച്ച്.എം.എൽ കമ്പനി സൗജന്യമായി 30 സെന്റ് ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്. അവിടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുമുണ്ട്. എങ്കിലും ഇതുമായി ബന്ധപ്പെട്ട പല പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുകയാണ്.
പണി പൂർത്തീകരിച്ച് പദ്ധതി 2024ൽ കമീഷൻ ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, നിലവിലെ അവസ്ഥയിൽ നീങ്ങുകയാണെങ്കിൽ ഈ വർഷവും പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ് ആശങ്ക. വെള്ളത്തിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.