പണി പൂർത്തീകരിച്ചിട്ടും പ്രവർത്തനക്ഷമമല്ലാത്ത കാരാപ്പുഴ
കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസും
മേപ്പാടി: കൊടും ചൂടിൽ പുഴയും തോടും കാട്ടരുവികളും വരണ്ടുണങ്ങിയതിനാൽ മേഖലയിൽ കടുത്ത ജലക്ഷാമം. എളമ്പിലേരി പുഴ വറ്റി തടയണയിൽ വെള്ളമില്ലാത്തതിനാൽ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജല വിതരണം മുടങ്ങിയിട്ട് മാസത്തിലേറെയായി. ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ഗ്രാമ പഞ്ചായത്ത് ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പര്യാപ്തല്ല.
പതിറ്റാണ്ടുകളായി മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത് എളമ്പിലേരിയിൽ നിന്നാണ്. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പദ്ധതി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. ഇതിൽ നിന്നാണ് ടൗണിലെ ഹോട്ടലുകൾ, സമീപ പ്രദേശങ്ങളിലെ വീടുകൾ എന്നിവർക്കെല്ലാം വെള്ളം ലഭിച്ചിരുന്നത്. ഇപ്പോൾ വെള്ളം വിലക്ക് വാങ്ങേണ്ട അവസ്ഥയാണ്. പലപ്പോഴായി പഞ്ചായത്ത് നടപ്പാക്കിയ മറ്റ് പദ്ധതികളും പാതി വഴിയിൽ മുടങ്ങി.
പുഴ വറ്റിയത് സമീപ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയുണ്ടാക്കി. പ്രദേശത്ത് പ്രവർത്തിക്കുന്ന നിരവധി റിസോർട്ടുകളും ചെമ്പ്ര മലയടിവാരത്തിൽ പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ ഏലത്തോട്ടങ്ങളും പുഴകളിൽ നിന്നുള്ള വെള്ളം അനധികൃതമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുണ്ട്.
ഗ്രാമപഞ്ചായത്ത്, റവന്യൂ അധികൃതർ എന്നിവർ അനധികൃത ജല ചൂഷണം കണ്ടില്ലെന്നു നടിക്കുകയാണ്. പ്രദേശത്തെ പുഴകളിൽ നിന്ന് വെള്ളമെടുത്താണ് പല ആദിവാസി കോളനികളിലെ കുടുംബങ്ങളും ആവശ്യം നിറവേറ്റുന്നത്. അവർക്കൊന്നും ഇപ്പോൾ വെള്ളം ലഭിക്കാതായി.
കാരാപ്പുഴയിൽ നിന്ന് വെള്ളമെത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയും പാതിവഴിയിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി വേനൽക്കാലത്ത് പ്രദേശം കടുത്ത ജല ക്ഷാമത്തിന്റെ പിടിയിലാണ്. ഈ വർഷം പ്രതിസന്ധി നേരത്തെ അനുഭവപ്പെട്ടു തുടങ്ങിയെന്ന് മാത്രം. എല്ലാ വർഷവും ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് എന്ന് പരിഹാരമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.