കൽപറ്റ മുണ്ടേരിയിലൊരുങ്ങുന്ന ജില്ല സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ കായിക മേഖലയിലെ വയനാടിെൻറ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ കുറച്ചു കാലമായി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. 400 മീറ്റർ സിന്തറ്റിക് ട്രാക്കെന്ന വയനാടൻ സ്വപ്നം സാക്ഷാത്കൃതമാവുന്നതോടെ അത്ലറ്റിക്സിൽ കാലങ്ങളായുള്ള പരിഭവങ്ങൾക്കെല്ലാം വലിയൊരളവിൽ അറുതിയാവുമെന്നും അവർ പറയുന്നു.
മുണ്ടേരിയിലെ സ്റ്റേഡിയത്തിൽ പൊന്നു വിളഞ്ഞു കൊണ്ടേയിരിക്കുമെന്ന പ്രവചനങ്ങളൊക്കെ പുലരുമെന്നുതന്നെ പ്രതീക്ഷിക്കാം. അപ്പോഴും തുടക്കത്തിൽ അധികൃതർ കാട്ടിയ ചില മണ്ടത്തങ്ങൾ വെറുതെ ഒന്നോർമിക്കുന്നത് നല്ലതാണ്. ഒരു അത്ലറ്റിക് ചാമ്പ്യൻഷിപ് നടത്തേണ്ടത് നിയമാവലി പ്രകാരം എട്ടുവരി ട്രാക്കിലാണ്. എന്നാൽ, നമ്മൾ കൊട്ടിഘോഷിച്ച് കെട്ടിപ്പൊക്കുന്ന ജില്ല സ്റ്റേഡിയത്തിൽ തുടക്കത്തിൽ ആറുവരി ട്രാക്ക് സ്ഥാപിക്കാനുള്ള പദ്ധതികളാണ് അധികൃതരുടെ മനസ്സിലുണ്ടായിരുന്നത്.
ആറുവരി ട്രാക്കിൽ നാലാളറിയുന്ന മത്സരങ്ങളൊന്നും നടത്താൻ കഴിയില്ലെന്ന് അറിയാത്തതു കൊണ്ടല്ല അങ്ങനെയൊരു ചിന്തയുണ്ടായത്. അത്രമതിയെന്ന തോന്നലിൽ നിന്നാണത്. ഒടുവിൽ ഒളിമ്പ്യന്മാരായ ഒ.പി. ജെയ്ഷ, ടി. ഗോപി, മഞ്ജിമ എന്നിവരടക്കമുള്ളവർ ഇതിെൻറ ഗുരുതരപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ കായിക മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതുൾപ്പെടെയുള്ള നിരന്തര സമ്മർദങ്ങൾക്കു ശേഷമാണ് പ്ലാനിലടക്കം മാറ്റം വരുത്തി എട്ടുവരി ട്രാക്കാക്കാൻ തീരുമാനിച്ചത്. ഇതിെൻറ നിർമാണം വർഷങ്ങളായിട്ടും ഇഴയുകയാണ്.
ജില്ല സ്റ്റേഡിയം യാഥാർഥ്യമായാൽ കൽപറ്റ സ്പോർട്സ് ഹോസ്റ്റലിലെ അത്ലറ്റുകൾക്കടക്കം പലർക്കും അതേറെ ഗുണകരമാവും. ട്രാക്ക് ഒരുക്കുന്നതിനു പുറമെ, ആധുനിക പരിശീലനത്തിനുള്ള സൗകര്യങ്ങളും മികച്ച കോച്ചുമാരും കൂടെ വേണം. അതോടൊപ്പം സംസ്ഥാന തല മത്സരങ്ങൾക്ക് വേദിയൊരുക്കാനും കഴിയും. ചുരമിറങ്ങിച്ചെല്ലുന്ന മീറ്റുകളിൽ പ്രതികൂല കാലാവസ്ഥയും സഭാകമ്പവും കാരണം മുട്ടിടിക്കുന്ന പ്രതിസന്ധികൾക്ക് അതോടെ, വലിയൊരളവിൽ പരിഹാരം കാണാനും കഴിഞ്ഞേക്കും. അതിന് കാടുപിടിച്ചുകിടക്കുന്ന ഇപ്പോഴത്തെ അവസ്ഥ മാറി നിർമാണം ത്വരിതഗതിയിലാവണം.
വയനാടൻ കാലാവസ്ഥയിൽ താരങ്ങൾക്ക് പരിശീലനത്തിന് ഏറെ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു മീനങ്ങാടി ഒളിമ്പിയ അക്കാദമി കോച്ച് പി.കെ. തങ്കച്ചൻ. ചളിക്കുളമായ മൈതാനങ്ങൾ മാത്രമുള്ള ജില്ലയിൽ സിന്തറ്റിക് ട്രാക്കുകളൊന്നുമില്ലാത്തതിനാൽ മഴക്കാലത്ത് ജൂൺ മുതൽ ഒക്ടോബർ വരെ ഒരു തരത്തിലുള്ള പരിശീലനവും സാധ്യമാവില്ല. ഈ കാലയളവിൽ പരിശീലിക്കുന്നതിന് ഇൻഡോർ സ്റ്റേഡിയം അടക്കമുള്ള സൗകര്യങ്ങൾ അനിവാര്യമാണ്. സിമൻറിട്ട ബാസ്കറ്റ്ബാൾ കോർട്ടുകളെ ഈ സമയത്ത് പരിശീലനത്തിന് ആശ്രയിക്കാമെന്നുവെച്ചാൽ അതുപോലുമില്ലാത്ത അവസ്ഥയാണെന്ന് തങ്കച്ചൻ പറയുന്നു.
ജില്ലയിൽ പല കായിക വിനോദങ്ങളുടെയും തലപ്പത്ത് അതുമായി ഒരു ബന്ധവുമില്ലാത്തവരുണ്ട്. അത്ലറ്റിക്സിൽ പക്ഷേ, അതിനിപ്പോൾ മാറ്റമുണ്ട്. വിജയി ടീച്ചർ അടക്കമുള്ളവരാണ് അത്ലറ്റിക് അസോസിയേഷനെ നയിക്കുന്നത്. ഒരു അടിസ്ഥാന സൗകര്യവുമില്ലാതെ ഇവർക്ക് ചെയ്യാൻ കഴിയുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്. ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലന സൗകര്യങ്ങൾ ഒരുക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കായികരംഗം ഭരിക്കുന്നവർ അതൊട്ടും ഗൗരവത്തിലെടുക്കുന്നില്ല.
കായിക മേഖലയുമായി പുലബന്ധം പോലുമില്ലാത്ത രാഷ്ട്രീയ നേതാക്കൾ സ്പോർട്സ് കൗൺസിലിെൻറ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ട്. സ്പോർട്സിൽ തരിമ്പും താൽപര്യമില്ലാത്ത ഇവർ അതുകൊണ്ടുതന്നെ കായികമേഖലയുമായി ബന്ധപ്പെട്ട കൂടിയാലോചനകളിലും മീറ്റിങ്ങുകളിലുമൊന്നും പങ്കെടുക്കാറുമില്ല.
കേവലം രാഷ്ട്രീയത്തിെൻറ പേരിൽ സ്ഥാനമാനങ്ങൾ വീതിച്ചെടുക്കുന്നതിനു പകരം, രാജ്യത്തിെൻറ അഭിമാനതാരങ്ങളായവരെ കൗൺസിലിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. അവരുടെ നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വില നൽകിയാൽ പല മാറ്റങ്ങളും വരുത്താൻ കഴിയും.
ഗിരീഷ് കാട്ടിക്കുളത്തെയും തങ്കച്ചനെയും റോബിയെയും പോലെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന അർപ്പണബോധമുള്ള പരിശീലകർ ഇവിടെയുണ്ട്. എന്നാൽ, അവർ കണ്ടത്തുന്ന കുഞ്ഞുതാരങ്ങളെ വലിയ വിജയവഴികളിലേക്ക് കൈപിടിച്ചുയർത്താനുള്ള ഹൈ പ്രൊഫൈൽ കോച്ചുമാർവേണം.
അങ്ങനെയൊരാൾ പോലും ഇവിടെയില്ല. കണ്ടെടുക്കുന്ന താരങ്ങൾക്ക് മികച്ച നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ അത്ഭുതങ്ങൾ പിറക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഒ.പി. ജെയ്ഷയെ കണ്ടെടുത്ത ഗിരീഷും ടി. ഗോപിയെ വാർത്തെടുത്ത വിജയി ടീച്ചറും രാജ്യമറിഞ്ഞ വിജയഗാഥക്ക് വിത്തിട്ടവരാണ്. അവർക്ക് പിന്നീട് ഉന്നത നിലവാരത്തിലുള്ള പരിശീലനത്തിന് അവസരമൊരുങ്ങിയതോടെ ഉഗ്രൻ റിസൽറ്റുണ്ടാവുകയായിരുന്നു. ആർമിയിലടക്കം ലഭിക്കുന്ന പരിശീലന സൗകര്യങ്ങൾ വയനാട്ടിലും ഒരുക്കാവുന്നതേയുള്ളൂ.
ഇതിനൊപ്പം മികച്ച കോച്ചുമാരും ചേർന്നാൽ, ഈ മണ്ണിൽനിന്ന് പുതിയ ചരിത്രം പിറക്കും. ജെയ്ഷയെപ്പോലെ പലരും വയനാട്ടിൽ പരിശീലകരായി പ്രവർത്തിക്കാനും ഈ മണ്ണിൽനിന്ന് താരങ്ങളെ വാർത്തെടുക്കാനും ആഗ്രഹിക്കുന്നവരാണ്. ഇപ്പോൾ സായിയിൽ പരിശീലകയായി സേവനമനുഷ്ഠിക്കുന്ന ജെയ്ഷ വയനാട്ടിലെ കുട്ടികൾക്ക് ശിക്ഷണം നൽകാനുള്ള താൽപര്യം പലകുറി തുറന്നുപറഞ്ഞിട്ടുമുണ്ട്. അവരെപ്പോലുള്ളവരുടെ സേവനങ്ങൾ യഥാവിധി ഉപയോഗപ്പെടുത്താനുള്ള തീരുമാനങ്ങളാണ് വേണ്ടത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.