പനമരം: ടൗണുകളിലെ കടകളിൽ കുട്ടിയുമായി ചെന്ന് അടിവസ്ത്രത്തിന്റെ കുടുക്കു പൊട്ടിയത് ശരിയാക്കുന്നതിന് സൗകര്യം ചെയ്തുതരണമെന്നാവശ്യപ്പെട്ട് ജീവനക്കാർ കടയിൽ സൂക്ഷിക്കുന്ന ബാഗുകളിൽനിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച് കടന്നുകളയുന്ന യുവതിയെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. നെന്മേനി അറക്കൽ മുംതാസ് (22) ആണ് അറസ്റ്റിലായത്.
കേണിച്ചിറ ടൗണിലുള്ള ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരി ലോൺ അടയ്ക്കാൻ ബാഗിൽ സൂക്ഷിച്ചിരുന്ന 9000 രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് കേണിച്ചിറ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു പൊലീസ് നടത്തിയെ അന്വേഷണത്തിലാണ് ഇവർ കടക്കുള്ളിൽനിന്ന് പണം കവർച്ച ചെയ്തു കൊണ്ടുപോവുകയായിരുന്നുവെന്ന് മനസ്സിലായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കവർച്ച ചെയ്ത പണം ഉപയോഗിച്ച് ഇവർ ബത്തേരിയിലെ കടയിൽനിന്നും വാങ്ങിയ മൊബൈൽ ഫോണും മറ്റു സാധനങ്ങളും ബാക്കിവന്ന തുകയും പൊലീസ് കണ്ടെടുത്തു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാനരീതിയിൽ ജില്ലയിൽ പലയിടത്തും കവർച്ച നടത്തിയതായി സംശയിക്കുന്നുണ്ട്.
കേണിച്ചിറ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ ശിവാനന്ദൻ, രാജേന്ദ്രൻ മറ്റു പൊലീസ് ഉദ്യോഗസ്ഥരായ ഷമ്മി, അജിത, സനൽ, വേണു, പോൾസൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.