പൊഴുതന: സംരക്ഷിക്കാൻ ആളില്ലാതായതോടെ പൊഴുതന ഗ്രാമപഞ്ചായത്ത് അച്ചൂർ മൊയ്തീൻ പാലത്തിന് സമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച ഹരിത ജൈവ പാർക്ക് കാട് കയറി നാശത്തിന്റെ വക്കിൽ. 2019ൽ ശുചിത്വ മിഷന്റെ സഹായത്തോടെയാണ് മാലിന്യം കുന്നുകൂടിയ അച്ചൂർ മൊയ്തീൻ പാലം പരിസരത്ത് ജൈവ പാർക്ക് നിർമിച്ചത്.
പ്രാരംഭ ഘട്ടത്തിൽ ഹരിതകർമ സേനയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെയാണ് പഞ്ചായത്ത് നിർമാണ പ്രവർത്തനം ഏകോപിപ്പിച്ചത്. കടുത്ത ദുർഗന്ധവും മാലിന്യവും കുന്നുകൂടിയ പ്രദേശത്തെ പ്ലാസ്റ്റിക് മുക്തമാക്കി ജൈവ വൈവിധ്യങ്ങളോടെ പാർക്ക് നിർമിച്ച് സഞ്ചാരികൾക്ക് തുറന്നുനൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
നിർമാണ ഘട്ടത്തിൽ സമീപത്തെ വയലിൽ നീർച്ചാലുകൾ ഉണ്ടാക്കി മത്സ്യങ്ങളെ നിക്ഷേപിക്കാൻ കുളം നിർമിക്കുകയും ചെയ്തിരുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷങ്ങൾ മുടക്കി ചുറ്റുമതിൽ, പൂന്തോട്ടം, ശുചിമുറി, ഇരിപ്പിടങ്ങൾ എന്നിവ നിർമിക്കുകയും ചെയ്തു. എന്നാൽ, കോവിഡ് കാലഘട്ടം മുതൽ തുടർന്നുള്ള നിർമാണ പ്രവർത്തനം മുടങ്ങുകയായിരുന്നു. ഇപ്പോൾ പരിസരം കാടുകയറി സാമൂഹികവിരുദ്ധരുടെ താവളമാണ്. പന്നി, പാമ്പ് തുടങ്ങിയ ഇഴജന്തുക്കളും പ്രദേശത്ത് വർധിച്ചതായി നാട്ടുകാർ പറയുന്നു.
ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് പൊഴുതനയിലെ ഹൈറേഞ്ച് മേഖലയിൽ എത്തുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ശുചിമുറി, വിശ്രമ കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കിയാൽ വരുമാനം ലഭിക്കുന്നതോടപ്പം ടൂറിസം മേഖലക്ക് ഗുണകരമായ മാറ്റം വരുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.