representational image

കടന്നൽ ആക്രമണത്തിന്‍റെ ഞെട്ടലിൽ നാട്; നൊമ്പരമായി ബീരാന്‍റെ മരണം

പൊഴുതന: അപ്രതീക്ഷിതമായി കടന്നലുകളുടെ കൂട്ടാമായുള്ള ആക്രണത്തിന്‍റെ ഞെട്ടലിലാണ് പിണങ്ങോടിലെ തൊഴിലുറപ്പ് തൊഴിലാളികൾ. തോട്ടത്തിൽ തൂമ്പകൊണ്ട് മണ്ണെടുക്കുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് മൺപുറ്റിൽനിന്നും തേനീച്ചകൾ ഇളകി തൊഴിലാളികൾക്കുനേരെ തിരിഞ്ഞത്.

അപകടത്തിൽ സാരമായി പരിക്കേറ്റ പിണങ്ങോട് എം.എച്ച്. നഗറിൽ താമസിക്കുന്ന തൂമ്പിൽ ബീരാന്‍റെ മരണം നാടിന്‍റെ നൊമ്പരമായി മാറി. ബീരാന് പുറമെ തൊഴിലുറപ്പ് ജോലിയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള 16 തൊഴിലാളികൾക്കാണ് തേനീച്ച ആക്രമണത്തിൽ പരിക്കേറ്റത്.

പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡിൽ 38 പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഒന്നിച്ചാണ് ഓരോ സ്ഥലത്തും ജോലിക്ക് പോയിരുന്നത്. അപകടത്തിന്‍റെ ഞെട്ടലിൽനിന്ന് തൊഴിലാളികൾ ഇതുവരെ മോചിതരായിട്ടില്ല. ഉപജീവനത്തിനായി ദിവസേന തൊഴിലുറപ്പിന് പോകുന്ന ഇവർക്ക് നാളെ ഭയപ്പാടില്ലാതെ എങ്ങനെ ജോലിക്ക് പോകുമെന്ന ആശങ്കയുമുണ്ട്.

പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളായ ബഷീർ, സീനത്ത്, ഷാഹിദ, രാജമാൾ, സൈനബ, നബീസ, ഉമൈബ, ഹസീന, കോമള, സമിത, രാക്കിയ, സൈനബ തുടങ്ങിയവരാണ് പരിക്കേറ്റ മറ്റു തൊഴിലാളികൾ.

ഗുരുതരമായി പരിക്കേറ്റ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബീരാനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയിലും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി കടന്നൽ കുത്തേറ്റതിന്റെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നു.

ജോലി സ്ഥലത്തെ കാപ്പി ചെടിക്ക് സമീപം പുറ്റിൽ നിന്നാണ് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം ബീരാന്റെ ജീവനെടുത്തത്. വർഷങ്ങളായി സ്വന്തമായി വീട് പോലും ഇല്ലാതെ ബീരാൻ പിണങ്ങോട് മുക്കിൽ വാടകക്കാണ് രോഗിയായ ഭാര്യക്കും മകനുമെപ്പം താമസിച്ചിരുന്നത്.

ബീരാന്റെ മരണം കുടുംബത്തിന് നാഥനെയാണ് നഷ്ടമാ‍യത്. ഉച്ചക്ക് ശേഷം വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഒരു നോക്കു കാണാൻ രാഷ്ട്രീയ പ്രതിനിധികളടക്കം നൂറുകണക്കിന് പേരാണ് സ്ഥലത്ത് എത്തിയത്. മൃതദേഹം വൈകീട്ടോടെ പിണങ്ങോട് പള്ളിയിൽ ഖബറടക്കം നടത്തി. 

അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്

കൽപറ്റ: വയനാട് പൊഴുതന പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിൽ ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റു മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും പരിക്കേറ്റ തൊഴിലാളികൾക്ക് രണ്ടു ലക്ഷം രൂപ വീതവും നഷ്ടപരിഹാരമായി നൽകണമെന്ന് ജില്ല തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്‌( ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു.

തൊഴിലുറപ്പ് തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. കടന്നൽകുത്തേറ്റ് മരണം സംഭവിച്ച തൊഴിലാളിയുടെ കുടുംബത്തിന് ആലംബമാണ് നഷ്ടമായിരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ തൊഴിലാളികൾക്ക് ചികിത്സക്കായും മറ്റും വലിയ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് വൈകിക്കാതെ എത്രയും പെട്ടെന്ന് തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്യാനുള്ള നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യുസി ) ജില്ല പ്രസിഡന്‍റ് പി. പി. ആലി അധ്യക്ഷത വഹിച്ചു.

സി. ജയപ്രസാദ്, പി.എൻ. ശിവൻ, ജിനി തോമസ്, ടി. എ. റെജി, ഗിരീഷ് കൽപറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, ഏലിയാമ്മ മാത്തുക്കുട്ടി, കെ. അജിത, ജോർജ് പടക്കൂട്ടിൽ, പി.എം.ജോസ്, രാധാ രാമസ്വാമി, താരിഖ് കടവൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Biran's death-wasp nest-wasp menace- attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.