പൊഴുതന: കുറിച്യാർമല പ്രളയ ദുരന്തം നടന്ന് ബുധനാഴ്ച അഞ്ചു വർഷമാകുമ്പോഴും കുടുംബങ്ങളുടെ പുനരധിവാസവും സ്കൂൾ നിർമാണവും എങ്ങുമെത്തിയില്ല. 2018 ആഗസ്റ്റ് ഒമ്പതിനാണ് പൊഴുതന പഞ്ചായത്തിലെ ജനവാസ മേഖലയായ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ കുറിച്യാർമലയിൽ ഉരുൾപൊട്ടിയത്. പൊഴുതന പഞ്ചായത്ത് കണ്ട വലിയ നാശനഷ്ടമാണ് അന്ന് ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. വളർത്തു മൃഗങ്ങളും വീട്ടുപകരണങ്ങളുമെല്ലാം ഒലിച്ചുപോയി.
കുറിച്യാർമല സ്കൂൾ മണ്ണിനടിയിലായി. അഞ്ചു വർഷം പിന്നിട്ടിട്ടും ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടമായവരുടെ പുനരധിവാസം പൂര്‍ത്തിയായിട്ടില്ല. മണ്ണിടിച്ചിലിൽ തകർന്ന കുറിച്യാർമല സ്കൂളിന് പകരം മറ്റൊരിടത്ത് ഭൂമി കണ്ടെത്തി സ്കൂൾ നിർമിക്കുമെന്ന് പറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലം കെണ്ടത്തുകയല്ലാതെ കെട്ടിടത്തിന്റെ നിർമാണം എങ്ങുമെത്തിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. നിലവിൽ മേൽമുറി മദ്റസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിനു പുറമേ 2018ൽ ദുരന്ത പ്രദേശമായി കണക്കിലെടുത്ത് മേൽമുറി, സേട്ടുകുന്ന് പ്രദേശത്തെയും ആളുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട 22 കുടുംബങ്ങളുടെ പരാതി നിലനിൽക്കുന്നുണ്ട്. നൂറോളം കുടുംബങ്ങൾ താമസിച്ച പ്രദേശത്ത് മറ്റ് ആളുകളുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ സമർപ്പിച്ചിട്ടും നടപടി വൈകുകയാണ്.
2018 ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണിയോടെയാണ് പൊഴുതന പഞ്ചായത്തിലെ പതിമൂന്നാം വാർഡ് കുറിച്യാർമല മേൽമുറി മല ഇടിഞ്ഞുവീണ് ഒരു നാടിനെയൊന്നാകെ മൂടിയത്. രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ മലയുടെ ഒരു ഭാഗം ഒന്നാകെ ഇടിഞ്ഞിറങ്ങുകയായിരുന്നു. ശക്തമായ മണ്ണൊലിപ്പിൽ ഏക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചുപോവുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. തോട്ടം മേഖലയായ പ്രദേശത്തെ തൊഴിലാളികൾ കുടിവെള്ളത്തിന് ഉപയോഗിച്ച കൈത്തോടുകളും വഴികളും മണ്ണിലും ചളിയിലും മൂടി. എട്ടു കുടുംബങ്ങളുടെ വീടുകളാണ് അന്ന് തകർന്നത്. ദുരന്തം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഉരുൾപൊട്ടൽ സംഭവിച്ച ഭാഗത്ത് പാറക്കല്ലുകൾ അടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.