പൊഴുതന: പൊഴുതന പഞ്ചായത്ത് ഏഴാം വാര്‍ഡ് കല്ലൂർ പട്ടികവർഗ കോളനിയില്‍ കുടിവെള്ളം കിട്ടാതെ കുടുംബങ്ങൾ നട്ടംതിരിയുന്നു. ബി.എൽ ക്വാർട്ടേഴ്സ് പ്രദേശത്തെ കുടിവെള്ളപദ്ധതി നിലച്ചതാണ് നൂറോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്.
2011ല്‍ പൊഴുതന പഞ്ചായത്ത് ജലനിധി പദ്ധതി പ്രകാരം നടപ്പാക്കിയ കുടിവെള്ളപദ്ധതി മൂന്ന് മാസമായി നിലച്ചിട്ട്. മോട്ടോർ, കിണർ, പൈപ്പ് തുടങ്ങിയവയുടെ തകരാറാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. സുഗന്ധഗിരി ഒന്നാം യൂനിറ്റ്, കല്ലൂർ, കാപ്പിക്കുന്ന് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്. വീട്ടുപടിക്കൽ വെള്ളം കിട്ടാൻ പ്രതിമാസം 120 രൂപ നൽകികൊണ്ടിരുന്നവരാണ് പലരും.
ബി.എൽ ക്വാർട്ടേഴ്സിന് സമീപം കൈതകൊല്ലിയിൽ നിന്നുമാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ, വേനൽ കടുക്കുമ്പോൾ ഇവിടെ നിന്ന് ഒരുതുള്ളി വെള്ളം പോലും പലർക്കും കിട്ടില്ല. കുടിവെള്ളം നിലച്ചതോടെ ഭക്ഷണം പാകം ചെയ്യുന്നതിനും അലക്കുന്നതിനും ദൂരെയുള്ള അരുവിയെ ആശ്രയിക്കുകയാണ് പലരും. വൈകീട്ട് ജോലി കഴിഞ്ഞു വെള്ളം ചുമക്കേണ്ട ഗതികേടാണ്. ഇതിനെതിരെ പഞ്ചായത്ത്, എസ്.സി വകുപ്പ് എന്നിവക്ക് പരാതി നല്‍കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് കോളനിവാസികള്‍ പറയുന്നു.
ഇപ്പോള്‍ ആഴ്ചതോറും ഓരോ കുടുംബവും 300 രൂപ മുടക്കി വാഹനത്തിൽ വെള്ളം കൊണ്ടുവരുന്ന അവസ്ഥയാണുള്ളത്. ഇത് സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതിന് പുറമെ വെള്ളത്തിന്റെ ഗുണവും മോശമാണെന്ന് ഇവർ പരാതിപ്പെടുന്നു. പഞ്ചായത്ത് അടിയന്തരമായി കുടിവെള്ളപദ്ധതി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.