പൊഴുതന: ഉരുൾപൊട്ടലിൽ തകർന്ന് നാലാണ്ട് കഴിഞ്ഞിട്ടും കുറിച്യർമല സ്കൂളിന്റെ നിർമാണം എങ്ങുമെത്തിയില്ല. പുനർനിർമാണം മന്ദഗതിയിലായതോടെ അധ്യയനം ആരംഭിക്കുന്ന ജൂൺ ഒന്നിന് പൊഴുതന പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരത്തിന് ആരംഭം കുറിക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ പുനർനിർമാണ സമരസമിതി.
2018ലെ പ്രളയകാലത്ത് ഉരുൾപൊട്ടലിൽ തകർന്ന കുറിച്യർമല സ്‌കൂളിന്റെ സ്ഥലമെടുപ്പ് തുടങ്ങി നാല് വർഷം കഴിഞ്ഞിട്ടും തോട്ടംതൊഴിലാളി മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂൾ കെട്ടിടത്തിന്റെ സ്ഥലമേറ്റെടുപ്പും നിർമാണ പ്രവർത്തനവും മന്ദഗതിയിലായിരിക്കുകയാണ്.
സർക്കാർ സ്കൂളുകൾ ആധുനികവത്കരിക്കുകയും പൊതുവിദ്യാഭ്യാസം ഏറെ മെച്ചപ്പെടുകയും ചെയ്തുവെന്ന് അധികൃതർ അവകാശവാദമുന്നയിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന കാലത്താണ് അതിഭീകരമായ പ്രകൃതി ദുരന്തത്തിന്റെ ഭീതി പേറുന്ന പ്രദേശത്തെ കുട്ടികൾ നാലുവർഷമായി അതീവ പരിമിതമായ സാഹചര്യത്തിൽ പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്. സ്കൂളിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് പലതവണ പറഞ്ഞെങ്കിലും ഒന്നും യാഥാർഥ്യമായില്ല.
2018 ആഗസ്റ്റിൽ പൊഴുതന പഞ്ചായത്തിലെ 13-ാം വാർഡായ കുറിച്യർമലയിലെ മേൽമുറിയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിനെ തുടർന്നാണ് കുറിച്യർമല എൽ.പി സ്കൂൾ മണ്ണിനടിയിലായത്. അന്ന് തോട്ടം മേഖലയിലെ നിരവധി കുട്ടികളുടെ ഭാവി കണക്കിലെടുത്തും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരവും കുറിച്യർമല സ്‌കൂളിന്റെ പ്രവർത്തനം തൊട്ടടുത്ത മേൽമുറിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ മേൽമുറിയിലെ മദ്റസ കെട്ടിടത്തിലാണ് നാലു വർഷമായി സ്‌കൂളിന്റെ പ്രവർത്തനം. ഏറെ പരിമിതിയിലാണ് മേൽമുറി മദ്റസയിൽ വിദ്യാർഥികളും അധ്യാപകരും കഴിയുന്നത്.
മികച്ച പഠനാന്തരീക്ഷത്തോടൊപ്പം നല്ല ക്ലാസ് മുറികൾ, ഗ്രൗണ്ട്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ആവശ്യമാണ്. പ്രദേശത്തെ തോട്ടം തൊഴിലാളികളുടെ മക്കളടക്കം നൂറുകണക്കിന് കുട്ടികളാണ് ഈ സ്‌കൂളിൽ പഠനം നടത്തിയിരുന്നത്. ഒന്നരവർഷം മുമ്പ് സ്‌കൂളിന് സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി സേട്ടുക്കുന്ന് എട്ടേക്കർ ഭാഗത്ത് ഭൂമി ഏറ്റെടുത്തതായി പറയപ്പെട്ടിരുന്നു. എന്നാൽ, ആദ്യം ഏറ്റെടുത്ത സ്ഥലം പിന്നീട് മാറ്റം വരുത്തുകയും സ്ഥലമേറ്റടുപ്പിനായി റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 58 ലക്ഷത്തിന് പുതിയ സ്ഥലം കണ്ടെത്തുകയും ചെയ്തു.
സേട്ടുക്കുന്നിൽ റോഡിനോട് ചേർന്ന് കോൺക്രീറ്റ് കെട്ടിടം ഉൾപ്പെടുന്ന സ്ഥലം പുതിയതായി കണ്ടെത്തിയിട്ടും രജിസ്‌ട്രേഷൻ അടക്കമുള്ളവ നടന്നില്ല. ഇതുകാരണം സ്ഥലമേറ്റെടുപ്പും തറക്കല്ലിടുന്ന നിർമാണ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാതായതോടെ പ്രദേശത്തെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്‌കൂൾ നിർമാണം വൈകുന്നതിനെ തുടർന്ന് പ്രദേശവാസികളിൽ കാലങ്ങളായി ഉയർന്ന കടുത്ത പ്രതിഷേധമാണ് ബുധനാഴ്ച തുടങ്ങുന്ന സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.