പൊഴുതന: കൂട് മാറ്റിസ്ഥാപിച്ചിട്ടും അച്ചൂരിലെ പുലി കുടുങ്ങിയില്ല. പശുക്കിടാവിനെ കൊന്നതിനെ തുടർന്ന് കറുവന്തോട് പ്രദേശത്തേക്കാണ് തിങ്കളാഴ്ച കൂടുമാറ്റി സ്ഥാപിച്ചത്. നിരീക്ഷണ കാമറയിൽ പുലിയുടെ ചിത്രവും പതിഞ്ഞില്ല.
കറുവന്തോട് പുഷ്പവനം വീട്ടിൽ എം.കെ. പ്രകാശന്റെ എട്ടുമാസമായ പശുക്കിടാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി പുലി കൊന്നത്. പശുവിന്റെ കുറച്ചുഭാഗം ഭക്ഷിക്കുകയും ചെയ്തു. വീടിനോട് ചേർന്നുള്ള കൂട്ടിനുള്ളിൽ കെട്ടിയ പശുക്കിടാവിനെ കൂട് തകർത്തായിരുന്നു പുലി പിടിച്ചത്. സ്ഥലത്തെത്തിയ വനപാലകർ പശുക്കിടാവിനെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചാണ് കൂട് സ്ഥാപിച്ചത്.
പ്രദേശത്ത് പുലിസാന്നിധ്യം പതിവായതിനെ തുടർന്നു കഴിഞ്ഞ ഒന്നിനാണ് നാലാം നമ്പറിൽ കൂടു വെച്ചത്. ഇവിടെ നിന്നു രണ്ട് കിലോമീറ്റർ ദൂരമാണ് കറുവത്തോട്ടിലേക്ക് ഉള്ളത്. പശുക്കിടാവിന്റെ ജഡമാണ് ഇരയായി വെച്ചിരിക്കുന്നത്. ഭക്ഷിക്കാൻ വീണ്ടും പുലിയെത്തുമെന്ന പ്രതീക്ഷയിലാണ് കൂട് അവിടേക്ക് മാറ്റിസ്ഥാപിച്ചത്. അച്ചൂരിലെ വിവിധ ഭാഗങ്ങളിൽ ഇതിനകം പുലിയുടെ ആക്രമണമുണ്ടായി.
കഴിഞ്ഞ മാസം നാലാം നമ്പർ ഇല്ലത്ത് വിളപ്പിൽ റസാക്കിന്റെ രണ്ട് പശുക്കളെ കൊല്ലുകയും മറ്റൊന്നിനെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് സ്ഥാപിച്ച കാമറയിൽ അന്ന് പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. അതിനുമുമ്പും വളർത്തുമൃഗങ്ങളെ പിടികൂടി മറ്റൊന്നിനെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു നിരവധിപേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ഭയത്തിലാണ് നാട്ടുകാർ. കാട്ടാനശല്യവും ഉണ്ട്. അധികൃതരുടെ ഗൗരവമാർന്ന ശ്രദ്ധ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.