പൊഴുതന: അടച്ചുറപ്പുള്ളൊരു വീടില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് പൊഴുതന പന്നിയോറ സ്വദേശി ഗോപാലകൃഷ്ണനും കുടുംബവും. ഇപ്പോൾ താമസിക്കുന്ന ഷെഡിന് ബലക്ഷയം സംഭവിച്ചതിനാൽ കാലവർഷം തുടങ്ങിയതോടെ ഭീതിയിലാണ് കുടുംബം. പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന പന്നിയോറ കോളനിയിലെ ആകെയുള്ള മൂന്ന് സെൻറ് പുരയിടത്തിൽ വർഷങ്ങളായി ടാർപോളിൻ ഷീറ്റും വൈക്കോലും മറച്ചാണ് ഇവരുടെ താമസം.
വർഷങ്ങൾക്ക് മുമ്പ് വീടിന് ഫണ്ട് സർക്കാർ അനുവദിച്ചതുപ്രകാരം കരാറുകാരൻ വഴി നിർമാണം ആരംഭിച്ചു. മുഴുവൻ തുകയും ലഭിക്കാത്തതിനാൽ നിർമാണം രണ്ട് വർഷമായി ചുമരിൽ ഒതുങ്ങി. ഗോപാലകൃഷ്ണൻ കൂലിവേലചെയ്തു കിട്ടുന്ന പണം അന്നന്നത്തെ ചെലവിനും മക്കളുടെ പഠിപ്പിനും തികയാറില്ല. കോവിഡ് ലോക്ഡൗണിൽ ജോലിയില്ലാത്തതും ഇരുട്ടടിയായി.
കഴിഞ്ഞ മഴക്കെടുതിയിൽ ഷെഡ് കൂടുതൽ ദ്രവിച്ചിരുന്നു. ഇക്കുറി കാലവർഷം തുടങ്ങിയതോടെ ചോർച്ച മൂലം കയറിക്കിടക്കാൻ കഴിയാതെ വന്നതോടെ സന്നദ്ധ സംഘടനയാണ് ഇവർക്ക് ടാർപോളിൻ എത്തിച്ചുനൽകിയത്. വീടെന്ന സ്വപ്നം പൂവണിയാനുള്ള കാത്തിരിപ്പിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.