പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡ് പുഴമുടി ഊരൻകുന്ന് കോളനി നിവാസികൾ അധികൃതരുടെ അവഗണനയിൽ ദുരിതംപേറുന്നു. താമസിച്ചുവരുന്ന സ്ഥലത്തിന്റെ അവകാശികളെന്ന് തെളിയിക്കാനാകാതെ പതിറ്റാണ്ടുകളായി പ്രയാസത്തിലാണിവർ. മൂന്നും നാലും തലമുറകളായി ഓല മേഞ്ഞും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുമുള്ള കൂരകളിലാണ് ഏഴോളം പണിയ കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. ചില കുടുംബങ്ങൾക്കു മാത്രമാണ് വീട് ലഭിച്ചിട്ടുള്ളത്.
വെങ്ങപ്പള്ളി-കൽപറ്റ പ്രധാന റോഡിന്റെ ചരിവിൽ അപകടകരമാംവിധത്തിലാണ് ഈ കോളനി സ്ഥിതിചെയ്യുന്നത്. പലർക്കും മൂന്നു സെന്റിൽ താഴെയാണ് ഭൂമിയുള്ളത്. റോഡ് നിർമാണത്തിന്റെ സ്ഥലമെടുപ്പ് ആരംഭിച്ചപ്പോൾ ആകെയുള്ള സ്ഥലം നേർപകുതിയാവുകയായിരുന്നു. കുടിവെള്ളം, ശുചിമുറിസൗകര്യങ്ങൾ കുറവായതിനാൽ പലരും ബന്ധുവീടുകളിലാണ് മിക്ക ദിവസങ്ങളിലും കഴിയുന്നത്. മഴക്കാലത്തും വേനലിലും ഒരുപോലെ ദുരിതത്തിൽ കഴിയുന്ന ഇവർക്ക് പുനരധിവാസം ആവശ്യമാണ്. വെങ്ങപ്പള്ളി പഞ്ചായത്തിലുള്ള മറ്റു കോളനികളുടെയും അവസ്ഥ സമാനമാണ്.
വീട്, കുടിവെള്ളം മുഖ്യപ്രശ്നമാണ് പലർക്കും. പട്ടയമോ മറ്റു രേഖകളോ ഇല്ലാത്ത സാഹചര്യം പലർക്കുമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് അധികൃതർക്കു മുമ്പാകെ അറിയിച്ചിട്ടും നടപടിയുണ്ടാകാതെ കോളനിനിവാസികളെ അവഗണിക്കുകയാണെന്ന ആക്ഷേപമുയർന്നിട്ട് ഏറെ നാളായി. പഞ്ചായത്ത് ഇതിനായി ഒരു നടപടിയും എടുക്കാത്തതിനാൽ ഇവർക്ക് സർക്കാർ വീട്, ജനനി, ഐ.സി.ഡി.എസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.