പൊഴുതന: കാലങ്ങളായി തുടരുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കാതെ പതിറ്റാണ്ടുകളായി ദുരിതം പേറുകയാണ് പൊഴുതനക്കാർ. മഴക്കാലം ആരംഭിച്ചതോടെ വന്യമൃഗങ്ങളുടെ വിഹാരമാണ് ഇവിടെ. വനത്തിൽനിന്നും ചക്കയും മാങ്ങയും തേടി കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് അടുത്തതോടെ മലയോര ഗ്രാമങ്ങൾ വീണ്ടും ആശങ്കയിലായി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽനിന്ന് കാടിറങ്ങുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയുമാണ്.
കാട്ടാന ഭീതിമൂലം സന്ധ്യയായാൽ ഈ പ്രദേശങ്ങളിലാർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. പൊഴുതന പഞ്ചായത്തിലെ കുറിച്യാർമല, മേൽമുറി, കറുവൻതോട്, സുഗന്ധഗിരി, വേങ്ങത്തോട് മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. വർഷങ്ങളായി തുടരുന്ന ആനശല്യത്തിന് പുറമെ പുലിയുടെ സാന്നിധ്യവും ഉണ്ടായതോടെ ജാഗ്രതയിലാണ് പൊഴുതനക്കാർ.
ഒരു വർഷത്തിനിടെ ഇരുപതോളം വളർത്തു മൃഗങ്ങളെ പുലി പിടിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് തോട്ടം തൊഴിലാളികൾ പാറക്കുന്ന് പ്രദേശത്ത് പുലിയെ നേരിട്ട് കണ്ടിരുന്നു. ഇതിനെ തുടർന്ന് വനം വകുപ്പ് കൂടും കാമറയും സ്ഥാപിച്ചിട്ടും പുലിയെ പിടിക്കാൻ സാധിച്ചില്ല. നൂറോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാറക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ലയങ്ങൾ മിക്കതും കാട് കയറുകയാണ്. പാമ്പും പന്നിയും പുലിയും ഈ പ്രദേശത്ത് എത്തുന്നുണ്ടന്നാണ് തൊഴിലാളികൾ പറയുന്നത്.
മലയോരത്ത് സന്ധ്യമയങ്ങുന്നതോടെ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന ആനകൾ പുലർച്ചെയാണ് തിരികെ കാട്ടിലേക്ക് പോകുന്നത്. തെങ്ങും കമുകും വാഴയും ഉൾപ്പെടെയുള്ള വിളകളെല്ലാം ആനകൾ നശിപ്പിക്കുന്നത് മൂലം വലിയ നഷ്ടമാണ് കർഷകർക്ക് നേരിടേണ്ടിവരുന്നത്. പൊഴുതനയിലെ വന്യമൃഗശല്യത്തിന് അടിയന്തരമായി വനംവകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യം ഏറിയിട്ടും പരിഹാരം അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.