പൊഴുതന: മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെ വീണ്ടും പൊഴുതനയിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. പൊഴുതന പഞ്ചായത്തിലെ ആനോത്ത്, അച്ചൂർ, പാറത്തോട് ഭാഗങ്ങളിലാണ് മാലിന്യം തള്ളുന്നത്. മാംസാവശിഷ്ടം, ആഹാരസാധനങ്ങള്‍, പ്ലാസ്റ്റിക്, തുണികള്‍ ഉള്‍പ്പെടെ ഇവിടങ്ങളില്‍ തള്ളുന്നുണ്ട്.
മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനാൽ അസഹനീയ ദുര്‍ഗന്ധമുണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. വൈത്തിരി-പാറത്തോട് റൂട്ടിൽ പാതയോരത്ത് നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ മിക്കപ്പോഴും പഞ്ചായത്ത് ജീവനക്കാരും യുവജന കൂട്ടായ്മയുമാണ് നീക്കംചെയ്യാറ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊഴുതന പഞ്ചായത്ത് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ യുവജനങ്ങളുടെ പങ്കാളിത്തത്തിൽ ലോഡ് കണക്കിന് മാലിന്യങ്ങൾ സംസ്കരിച്ചിരുന്നു.
പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവർ പാതയോരങ്ങളിൽ പത്തോളം സൂചനബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. എങ്കിലും വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങളും വിവാഹ പാര്‍ട്ടികളിലെ അവശിഷ്ടങ്ങളും വിനോദസഞ്ചാരികൾ പുറത്തുകളയുന്ന പ്ലാസ്റ്റിക്കും ഭക്ഷണ സാധനങ്ങളുമൊക്കെയാണ് പ്രതിസന്ധി ഉണ്ടാകുന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിച്ചാണ് പലരും മാലിന്യം നിക്ഷേപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.