പൊഴുതന: കാടിറങ്ങുന്ന വന്യമൃഗങ്ങൾ മലയോരവാസികളുടെ ഉറക്കം കെടുത്തുന്നു. പൊഴുതന പഞ്ചായത്തിലാണ് ആനക്കു പുറമെ കാട്ടുപോത്തുകളുടെയും കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാകുന്നത്. കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവന് ഭീഷണിയാണ് ഇവ. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ എത്തിയ രണ്ടു കാട്ടുപോത്തുകൾ അത്തിമൂല, പെരിങ്ങോട, പൊഴുതന എന്നിവിടങ്ങളിൽ ഭീതി പരത്തി.
ഇവയുടെ ഭീഷണിയെ തുടർന്ന് നിരവധി പരാതികൾ ജനങ്ങൾ അറിയിച്ചിട്ടും തുരത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. കൂട്ടം തെറ്റിയ ഇവ സമീപത്തെ സ്വകാര്യ എസ്റ്റേറ്റിൽ കയറിയതായാണ് പ്രദേശവാസികൾ പറയുന്നത്. ഇവക്കു പുറമെ പന്നിശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രി പെരിങ്ങോട സ്വദേശി ജംഷീറിനെ കാട്ടുപന്നികൾ ആക്രമിച്ചിരുന്നു.
തോളിനു പരിക്കേറ്റ ജംഷീർ ആശുപത്രിയിലാണ്. മാസങ്ങളായി കൂട്ടമായെത്തുന്ന കാട്ടാനകൾ വൻതോതിലാണ് കൃഷി നശിപ്പിക്കുന്നത്. മേൽമുറി, കറുവാൻത്തോട്, കുറിച്യർമല എസ്റ്റേറ്റ്, സുഗന്ധഗിരി തുടങ്ങിയ പ്രദേശങ്ങളിൽ ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. നഗരങ്ങളിൽ വരെ കാട്ടുപന്നികൾ എത്തുന്നുണ്ട്.
പന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും നടപടിക്രമങ്ങളിലെ കുരുക്ക് കാരണം ഫലപ്രദമാകുന്നില്ല. കാട്ടാനക്കൂട്ടങ്ങൾ തെങ്ങ്, കമുക്, റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾ കുത്തിമറിക്കുകയാണ്. കപ്പ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയും നശിപ്പിച്ചാണ് ആനക്കൂട്ടം മടങ്ങുക. കൃഷി ആദായകരമല്ലാതായതോടെ കുറച്ച് കർഷകർ മാത്രമാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്.
ഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും കൃഷി ചെയ്യുന്ന കർഷകർക്കാണ് മൃഗശല്യം ഇരുട്ടടിയായിരിക്കുന്നത്. വന്യമൃഗശല്യം കാരണം നിരവധി കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണിപ്പോൾ. കാട്ടാനകളുടെയും പന്നികളുടെയും ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.