പൊഴുതന: പൊഴുതന പഞ്ചായത്തിലെ മലയോര ഗ്രാമമായ കുറിച്യർമല, വേങ്ങത്തോട്, കല്ലൂർ, സുഗന്ധഗിരി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കൃഷി നശിപ്പിക്കുന്നത് പതിവായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുലിയും കാട്ടാനയും പ്രദേശത്തെ ഭീതിയിലാക്കുകയാണ്. തോട്ടം തൊഴിലാളികളും മലയോര കര്‍ഷകരും താമസിക്കുന്ന പ്രദേശങ്ങളാണിത്. തരിയോട്, വൈത്തിരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള സുഗന്ധഗിരി, പാറത്തോട് പ്ലാന്‍റേഷനോട് ചേർന്ന് താമസിക്കുന്നവര്‍ വന്യമൃഗങ്ങളുടെ കാടിറക്കംമൂലം ഭീതിയിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്.

സ്വകാര്യ എസ്റ്റേറ്റുകളിലും കൃഷിത്തോട്ടങ്ങളിലും കാട്ടാനയിറങ്ങി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പകൽസമയം വന്യമൃഗശല്യം മൂലം ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ് തോട്ടം തൊഴിലാളികൾക്ക്. കവുങ്ങ്, വാഴ എന്നിവയും നശിപ്പിക്കുന്നതായും കർഷകർ പറയുന്നു. രാത്രിയും പകലും വ്യത്യാസമില്ലാതെ ഏതു സമയത്തും ആനകൾ കൃഷിത്തോട്ടത്തിലിറങ്ങുന്നു.

ഒച്ചയെടുത്തും പടക്കംപൊട്ടിച്ചുമാണ് ഇവയെ തുരത്തുന്നത്. പകല്‍സമയത്ത് കുരുമുളക് പറിക്കാനായി തോട്ടത്തിലേക്കിറങ്ങിയാല്‍ പലപ്പോഴും കാട്ടാനയുടെ മുന്നിലാണ് ചെന്നുപെടാറുള്ളതെന്ന് തൊഴിലാളികൾ പരിതപിക്കുന്നു.

ചില രാത്രികളില്‍ വീടിന്റെ മുറ്റത്തെത്തുന്ന ആന വാഴകള്‍ ഒടിച്ചിട്ട് തിന്ന് നേരം വെളുക്കും വരെ വീട്ടുപരിസരത്ത് നിലയുറപ്പിക്കും. വനപാലകര്‍ സ്ഥലത്തെത്താറുണ്ടെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്താറാണ് പതിവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പാറക്കുന്നു, വേങ്ങത്തോട് എസ്‌റ്റേറ്റിന് സമീപത്തെ തൊഴിലാളി പാടികള്‍ക്ക് സമീപം രാത്രിയില്‍ കാട്ടാനയെത്താറുണ്ട്.

പൊഴുതനയിൽ വീണ്ടും വന്യജീവി ആക്രമണം; പശുവിനെ പുലി കടിച്ചുകൊന്നു

പുലി പാതി ഭക്ഷിച്ച ആറാംമൈൽ മുഹമ്മദിന്‍റെ പശു

പൊഴുതന: ജനവാസ മേഖലയായ പൊഴുതന പഞ്ചായത്തിലെ ആറാംമൈൽ പ്രദേശത്ത് വീണ്ടും വന്യജീവിയുടെ ആക്രമണം. ആറാംമൈൽ സ്വദേശിയായ മുഹമ്മദിന്‍റെ ഒന്നര വയസ്സുള്ള പശുവിനെ പുലി പകുതി ഭക്ഷിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം കാണാതായ പശുവിനെ മുഹമ്മദിന്‍റെ വീട്ടുവളപ്പിൽനിന്ന് 250 മീറ്റർ അകലെയുള്ള വയലിൽ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. പുലിയുടെ കാൽപ്പാടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു വളർത്തു നായ്ക്കളെ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തോട്ടം മേഖലയായ പൊഴുതനയിൽ പുലിയുടെ സാന്നിധ്യം ഏറുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ നായ, പന്നി, പശു തുടങ്ങിയ ആറോളം ജീവികളെയാണ് പുലി ഭക്ഷിച്ചത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ആറാംമൈൽ പ്രദേശത്ത് നിന്ന് കിണറ്റിൽ വീണ പുള്ളിപ്പുലിയെ പിടികൂടിയിരുന്നു. ജനവാസ മേഖലയിലെ വന്യജീവി ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പൂക്കോട് റോഡരികിൽ മാനിന്‍റെ ജഡാവശിഷ്ടം

വൈത്തിരി: പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിനോട് ചേർന്ന റോഡരികിൽ മാനിന്‍റെ ജഡാവശിഷ്ടം കണ്ടെത്തി. നവോദയ സ്‌കൂളും ഇതിനു തൊട്ടടുത്താണ്. ചെന്നായ്ക്കൾ കൊന്നുതിന്ന മാനിന്‍റെ അവശിഷ്ടമാണെന്നാണ് കരുതുന്നത്. രാത്രികാലങ്ങളിൽ വന്യമൃഗങ്ങളുടെ സഞ്ചാരം ഈ ഭാഗങ്ങളിൽ പതിവാണെന്ന് ഇവിടത്തെ താമസക്കാർ പറയുന്നു.

Tags:    
News Summary - wild elephant fear in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.