പുൽപള്ളി: മഴയിൽ ജില്ലയിലെ നെൽകൃഷി വ്യാപകമായി നശിക്കുന്നു. ന്യൂനമർദത്തെ തുടർന്ന് മഴ പെയ്യാൻ തുടങ്ങിയതോടെ നെല്ല്, കാപ്പി കർഷകർക്കാണ് വൻ നഷ്ടം ഉണ്ടായത്. വിളവെടുപ്പിന് പാകമായ കാർഷിക വിളകളാണ് നശിക്കുന്നത്.
വയനാട്ടിൽ ഡിസംബർ പകുതിയോടെയാണ് സാധാരണയായി നെല്ലും കാപ്പിയുമെല്ലാം വിളവെടുക്കുന്നത്. നെൽകൃഷി വിളഞ്ഞുനിൽക്കുകയാണ്. കുറെ ദിവസങ്ങളായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇതേത്തുടർന്ന് കൊയ്ത്ത് നടത്താൻ പറ്റിയിരുന്നില്ല. ഈ ആഴ്ച കൊയ്ത്തിന് തയാറെടുക്കവെയാണ് അപ്രതീക്ഷിതമായി മഴ വന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന.
പല പാടശേഖരങ്ങളിലും കൊയ്ത്ത് നടത്തിയവരുണ്ട്. കൊയ്തിട്ട കറ്റകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. മെതിക്കാൻ വെച്ച കതിർ കറ്റകൾ നനഞ്ഞു നശിച്ചു. കൊയ്ത്തിന് പാകമായ നെൽച്ചെടികൾ പാടത്ത് വീണുകിടക്കുകയുമാണ്. കാപ്പിയും നെല്ലും ഉണക്കാൻ വെയിൽ അത്യാവശ്യമാണ്.
മഴ കനത്തതോടെ കാപ്പിക്കുരുവും വിളവെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. അപ്രതീക്ഷിത മഴ കർഷകരുടെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ കൃഷിക്കാർക്ക് നഷ്ടം വർധിക്കും. കതിരുകൾ മുളക്കാനും വൈക്കോൽ ഉപയോഗിക്കാനും പറ്റാത്ത സ്ഥിതിയാവും. ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് പലരും കൃഷി നടത്തിയത്. ഇവർക്കും അപ്രതീക്ഷിത മഴ തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.