ഒ.പി. ജെയ്ഷയും ടി. ഗോപിയും ഒളിമ്പിക്സിലേക്ക് ഓടി വളർന്ന മണ്ണാണിത്. കുന്നും മലകളും താഴ്വരകളും ഇടവഴികളും വയലേലകളുമൊക്കെ പരുവപ്പെടുത്തിയ വയനാടിെൻറ സാഹചര്യങ്ങൾ രാജ്യംകണ്ട മികച്ച ഓട്ടക്കാരെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് നിസ്തുലമാണ്. രാജ്യത്തുതന്നെ മധ്യദൂര, ദീർഘദൂര ഓട്ടക്കാരെ വാർത്തെടുക്കാൻ ഏറ്റവും അനുകൂലമായ മണ്ണും കാലാവസ്ഥയുമാണ് വയനാടിേൻറത്. പക്ഷേ, അപാരമായ സാധ്യതകളും അനുകൂല സാഹചര്യങ്ങളെല്ലാമുണ്ടായിട്ടും അധികൃതരുടെ നിസ്സംഗത കാരണം അത്ലറ്റിക്സിന് ഒട്ടും വളക്കൂറില്ലാത്ത മണ്ണായി പതിറ്റാണ്ടുകളായി തുടരുന്നുവെന്ന അതിശയം കൂടിയുണ്ട്, കുണ്ടും കുഴിയും നിറഞ്ഞ വയനാട്ടിലെ ട്രാക്കുകൾക്ക്. സംശയമുള്ളവർക്ക് മീനങ്ങാടി നഗരമധ്യത്തിലെ ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയം എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന കളിയിടം സന്ദർശിക്കാം. ഒരു സ്കൂൾ ഗ്രൗണ്ടിെൻറ നിലവാരം പോലുമില്ലാത്ത ആ മണ്ണിലാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ് അരങ്ങേറിയത്.
എല്ലാം വഴിപാടുപോലെ നടക്കുന്ന പരമ്പരാഗത രീതിക്ക് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ഒന്നു തേച്ചുമിനുക്കിയെടുത്താൽ ഭാവിവാഗ്ദാനങ്ങളാകാൻ പോന്ന മിടുക്കരുള്ള നാട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ശാസ്ത്രീയ പരിശീലനം നൽകുകയും ചെയ്താൽ, അതുണ്ടാക്കുന്ന മാറ്റങ്ങൾ മഹത്തരമായിരിക്കും. അസൗകര്യങ്ങളുടെ വിളനിലമായ വയനാട്ടിൽ താരങ്ങൾ പിറവിയെടുക്കും മുേമ്പ വാടിക്കരിഞ്ഞുപോകുന്നത് സ്വാഭാവികം. അത്ലറ്റിക്സിൽ രാജ്യത്തിെൻറ മുന്നിലോടാൻ കഴിയുന്ന ജില്ലയിൽ പക്ഷേ, അലംഭാവങ്ങളിേലക്ക് 'മാധ്യമം' ലേഖകൻ നടത്തുന്ന അന്വേഷണം.
വയലിൽ കുഞ്ഞുനാളിൽ വിമൽ ഓടിക്കളിക്കുന്നതു കണ്ടാണ് കോച്ച് ഗിരീഷ് കാട്ടിക്കുളം അവനെ മത്സരട്രാക്കിലേക്ക് ക്ഷണിക്കുന്നത്. പണിയ വിഭാഗത്തിൽപെട്ട ആ ആദിവാസി ബാലനെക്കുറിച്ചുള്ള ഗിരീഷിെൻറ കണക്കുകൂട്ടലുകൾ കിറുകൃത്യമായിരുന്നു. കാട്ടിക്കുളത്തെ പരിമിത സൗകര്യങ്ങളിൽ ഓടിപ്പഠിച്ചിട്ടും, രണ്ടു വർഷം മുമ്പ് വമ്പൻ താരങ്ങൾ ഏറ്റുമുട്ടുന്ന സംസ്ഥാന മീറ്റിൽ അവൻ റെക്കോഡോടെ സ്വർണം നേടി.വിമലിനെപ്പോലെ തന്നെയാണ് ഊരാളി വിഭാഗക്കാരനായ രമേശനും. ഉശിരേറെയുണ്ട് രമേശിെൻറ പാദങ്ങളിൽ. സ്റ്റേറ്റ് മീറ്റിൽ അവനും റെക്കോഡ് തിളക്കമുള്ള സുവർണ മെഡലിെൻറ ശോഭയുണ്ട്. ഇപ്പോൾ തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ പ്രവേശനം നേടി കാത്തിരിക്കുകയാണ് ഈ പ്ലസ് വൺ വിദ്യാർഥി. വൈകാതെ സുൽത്താൻ ബത്തേരിയിലെ ഊരിൽനിന്ന് രമേശൻ പുതിയ സൗകര്യങ്ങൾ തേടി അനന്തപുരിയിലേക്ക് ചുരമിറങ്ങും. തൃശിലേരി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ മിഥുൻ അടിയ വിഭാഗക്കാരനാണ്.
വിമലിനും രമേശനുമൊപ്പം മിഥുനും അത്ലറ്റിക്സിൽ പുതിയ ഉയരങ്ങൾ തേടുന്ന താരമാണ്. ഗിരീഷ് കാട്ടിക്കുളം എന്ന പരിശീലകെൻറ കളരിയിൽ ഇതുപോലെ കുറേയേറെ താരങ്ങളുണ്ട്. ഒരാളൊഴികെ എല്ലാവരും തിരുനെല്ലി പഞ്ചായത്തിൽ നിന്നുള്ളവർ. അതിൽ 80 ശതമാനം പേരും ആദിവാസി വിഭാഗക്കാർ. ഒരുവിധ സർക്കാർ സഹായവും പ്രതിഫലവുമൊന്നും പ്രതീക്ഷിക്കാതെ, സ്വന്തം കൈയിൽനിന്ന് കാശുമുടക്കി ഈ കുട്ടികളെയൊക്കെ ഗിരീഷ് ട്രാക്കിലേക്കും ഫീൽഡിലേക്കും ആനയിക്കുന്നത് അത്ലറ്റിക്സിനോടുള്ള അടങ്ങാത്ത താൽപര്യം കൊണ്ടു മാത്രമാണ്. രണ്ട് സ്പൈക്ക് കൊണ്ട് ഒരുപാട് താരങ്ങൾ മാറി മാറി മത്സരത്തിനിറങ്ങുന്ന കഥയടക്കം പ്രാരബ്ധങ്ങൾ പലതുണ്ട് പറയാൻ. അപ്പോഴും ഗിരീഷ് സാക്ഷ്യപ്പെടുത്തുന്ന ഒന്നുണ്ട്- 'ഈ മണ്ണിൽ കണ്ടെടുക്കാൻ ഒട്ടനേകം മുത്തുകളുണ്ട്. അധികൃതർ ഒന്നു മനസ്സുവെച്ചാൽ നാളെ നാടിെൻറ അഭിമാന താരങ്ങളാകാൻ പോന്നവരാണ് അവരിലേറെയും'.
ഗിരീഷ് പറഞ്ഞത് ശരിയാണ്. തിരുനെല്ലി പഞ്ചായത്തിൽനിന്ന് മാത്രം ഇത്രയും താരങ്ങളെ കണ്ടെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ വയനാടിെൻറ എല്ലാ പഞ്ചായത്തിലുമായി ജന്മന പ്രതിഭാധനരായ എത്രയേറെ കുട്ടികളുണ്ടാകും? അവരെ കണ്ടെടുത്ത്, ആധുനിക ശിക്ഷണം നൽകിയാൽ ഇനിയുമൊരുപാട് ഒളിമ്പ്യന്മാരെ സൃഷ്ടിക്കാൻ നിലവിലെ കടുത്ത പരിമിതികൾക്കകത്തുനിന്നുപോലും വയനാടിനു കഴിയും.
ഗോത്രവർഗക്കാരിൽനിന്ന് ലോക കായിക രംഗത്തുതന്നെ രാജ്യത്തിെൻറ കൊടിയടയാളമായി മാറാൻ കഴിയുന്ന താരങ്ങളെ വാർത്തെടുക്കാൻ മനസ്സുവെച്ചാൽ കഴിയുമെന്നുറപ്പ്. പക്ഷേ, അങ്ങനെയൊരു ശ്രമം അധികൃതരിൽനിന്നുണ്ടാവുന്നേയില്ല. വയനാട്ടിലെ പണിയ, അടിയ, കാട്ടുനായ്ക്ക, കുറിച്യ, കുറുമ വിഭാഗങ്ങളിൽനിന്നൊക്കെ മികച്ച കായിക ക്ഷമതയും പോരാട്ടവീര്യവുമുള്ള താരങ്ങളെ വളർത്തിക്കൊണ്ടുവരാൻ കഴിയും. ചെറുപ്പത്തിലേ കണ്ടെത്തി ശാസ്ത്രീയ ശിക്ഷണം നൽകിയാൽ രാജ്യത്തിനും സംസ്ഥാനത്തിനും മുതൽക്കൂട്ടായ മിന്നുംതാരങ്ങളായി അവർ മാറും.
ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലനത്തിനടക്കം എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും അവ മുതലെടുക്കാൻ കഴിയാതെ പോകുന്നതാണ് വയനാടിെൻറ ശാപം. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ലോകോത്തര പരിശീലനത്തിനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്താൽ, അത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കും.
മീനങ്ങാടിയിൽ ജില്ല ചാമ്പ്യൻഷിപ് നടന്ന വലിയ ഗ്രൗണ്ടിെൻറ ഒരു ഭാഗം മൺകൂനകൾ നിറഞ്ഞു നിൽക്കുന്നു. കേസിൽ കുടുങ്ങിയ ഈ ഭാഗം ഇതുവരെ ഗ്രൗണ്ടിനൊപ്പം ചേർക്കാൻ കഴിയാത്തതിനാൽ മീറ്റ് നടന്നത് 200 മീറ്റർ ട്രാക്കിൽ. അതുതന്നെ നിരപ്പായ അവസ്ഥയിലുമല്ല. പലയിടങ്ങളും ഉയർന്നും താഴ്ന്നും നിൽക്കുന്നവ. ലോകോത്തര താരങ്ങൾക്ക് പിറവി നൽകിയ ജില്ലയിൽ 400 മീറ്റർ ട്രാക്ക് ഇടാൻ സൗകര്യമുള്ള മൈതാനങ്ങളില്ല. അത്യാവശ്യം വലുപ്പമുള്ളതെന്ന് പറയാവുന്നത് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട് മാത്രമാണ്. പക്ഷേ, ആരും ശ്രദ്ധിക്കാത്തതിനാൽ മത്സരങ്ങൾ നടത്താൻ വേണ്ട ഗുണനിലവാരത്തിലല്ല ആ മൈതാനവും.
മധ്യദൂര, ദീർഘദൂര ഇനങ്ങളിൽ ട്രാക്കിലിറങ്ങുന്നവർ ഇക്കാലത്ത് സമുദ്രനിരപ്പിൽനിന്ന് ഉയർന്ന പ്രദേശങ്ങളിലാണ് പരിശീലിക്കുന്നത്. ഈ ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലനകേന്ദ്രങ്ങൾ താരങ്ങളുടെ ശരീരക്ഷമതയും പോരാട്ടവീര്യവും വർധിപ്പിക്കും. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ വായുവിൽ ഓക്സിജെൻറ അളവ് കുറവായിരിക്കും. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാലാവസ്ഥയായിരിക്കും ഇത്തരം മേഖലകളിൽ. ഇതു പരിഹരിക്കാൻ എറിത്രോപോയ്റ്റിൻ എന്ന ശരീര ഹോർമോൺ കൂടുതൽ ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കും. ഇതുകാരണമായി പേശികളിലേക്കു കൂടുതൽ ഓക്സിജൻ എത്തും. മധ്യദൂര, ദീർഘദൂര ഇനങ്ങളിൽ മത്സരിക്കുന്നവർക്ക് ശരീരക്ഷമത വർധിപ്പിക്കാൻ ഇതു സഹായകമാകും.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ദീർഘ, മധ്യ ദൂര ടീമുകൾ പരിശീലിച്ചത് ഭൂട്ടാനിലെ തിംഫുവിലായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 2500 മീറ്റർ ഉയരത്തിലാണ് തിംഫു. 2100 മീറ്റർ ഉയരത്തിലുള്ള വയനാട്ടിലും ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലനം സാധ്യമാകും. കേരളത്തിൽ സമുദ്രനിരപ്പിൽനിന്ന് ഉയരത്തിലുള്ള മൂന്നാറിൽ ഹൈആൾറ്റിറ്റ്യൂഡ് പരിശീലന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. 2008 മാർച്ച് 16നാണ് പഴയ മൂന്നാറിൽ എട്ടുകോടി രൂപ ചെലവിൽ സ്റ്റേഡിയം നിർമിച്ചത്. കായികതാരങ്ങൾക്ക് പരിശീലനത്തിനുള്ള മൈതാനവും താമസിക്കുന്നതിന് മൂന്നുനിലകളുള്ള ഹോസ്റ്റൽ കെട്ടിടവും നിർമിച്ചിട്ടുണ്ടെങ്കിലും അതൊന്നും കേരളം കാര്യമായി ഉപയോഗപ്പെടുത്തുന്നില്ല. പരിശീലനത്തിനുള്ള മൈതാനം കന്നുകാലികൾ മേയുന്ന അവസ്ഥയിലാണ്. എന്നാൽ, മൂന്നാറിനേക്കാൾ കൂടുതൽ ആവശ്യമുള്ളതും ഗോത്രവർഗക്കാരടക്കമുള്ളവർക്ക് ഉപകാരപ്പെടുന്നതുമായ വയനാട്ടിൽ ഹൈആൾറ്റിറ്റ്യൂഡ് പരിശീലനകേന്ദ്രം സ്ഥാപിച്ചാൽ അതേറെ മികച്ച രീതിയിൽ ഉപയോഗിക്കപ്പെടുമെങ്കിലും ആ രീതിയിൽ ചർച്ചകളൊന്നും നടക്കുന്നില്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.