ഗൂഡല്ലൂർ: ശനിയാഴ്ച അർധരാത്രി ദേവർഷോല ബസാറിൽ ഉണ്ടായ തീപിടിത്തത്തിൽ തുണിക്കടയും ബേക്കറിയും ഉൾപ്പെടെ മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള മംഗളം ടെക്സ്റ്റൈൽസും നാസറിന്റെ ലുലു ബേക്കറിയും സമീപത്തെ മറ്റൊരു ഒഴിഞ്ഞ കടയുമടക്കം മൂന്നു കടകൾ കത്തിനശിച്ചു. പുലർച്ചെ ഒരു മണിയോടെ കടകളിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
പൊതുജനങ്ങൾക്കൊപ്പം അവിടെയെത്തി അഗ്നിരക്ഷാസേനയും തീ അണയ്ക്കാൻ ശ്രമിച്ചു. പഴക്കമുള്ള കെട്ടിടങ്ങളായതിനാൽ തടിക്കും സാമഗ്രികൾക്ക് തീപിടിച്ച് സാധനങ്ങൾ പൂർണമായി കത്തിനശിച്ചു. കടകളിൽ രാത്രി ആരും തങ്ങാതിരുന്നതിനാൽ ആളപായമുണ്ടായില്ല. പൊൻ ജയശീലൻ എം.എൽ.എ, ഗൂഡല്ലൂർ ഓൾ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സ്ഥലം സന്ദർശിച്ചു. രാവിലെ 11 വരെ ഹർത്താൽ ആചരിച്ചു.വൈദ്യുതി ചോർച്ച മൂലമാകാം തീ പടർന്നതെന്ന് സംശയിക്കുന്നുണ്ടെങ്കിലും പൊലീസും ഫയർഫോഴ്സും സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരുകയാണ്.
കടകൾക്ക് ഒന്നിനും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടങ്ങൾ നികത്താൻ വ്യാപാരിസംഘം സഹായ പദ്ധതികൾ തയാറാക്കി കൈതാങ്ങാവാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.