കല്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷ ഫലത്തിൽ വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ വയനാട് ജില്ലയുടെ സ്ഥാനം 41. റവന്യൂ ജില്ല അടിസ്ഥാനത്തിലാണെങ്കില്‍ 14ാം സ്ഥാനവും. സംസ്ഥാന വിജയശതമാനം 99.26. വയനാടിന് ലഭിച്ചത് 98.07 ശതമാനം. 12,181 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 11,946 പേര് തുടര്‍പഠന യോഗ്യത നേടി. 235 കുട്ടികള്‍ യോഗ്യരായില്ല.
ജില്ലയിലെ 830 കുട്ടികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷമിത് 2,566 ആയിരുന്നു. സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ നിന്ന് 6,987 പേര് പരീക്ഷ എഴുതിയപ്പോള്‍ 6,798 പേരും (97%) എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 4,716 പേര് പരീക്ഷക്കിരുന്നപ്പോള്‍ 4,670 പേരും (99%) യോഗ്യരായി. ഗവ. സ്കൂളുകളില്‍ നിന്ന് 189 പേരും എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 46 പേരുമാണ് തുടര്‍ പഠന യോഗ്യരാവാതിരുന്നത്. ആണ്‍കുട്ടികള്‍ 189, പെണ്‍കുട്ടികള്‍ 46. ആറ് അണ് എയ്ഡഡ് സ്കൂളുകളില്‍ നിന്നായി 478 പേര് പരീക്ഷയെഴുതി. വിജയം 100 ശതമാനം.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ വിവിധ ദിവസങ്ങളിലും വിഷയങ്ങളിലുമായി 232 പേര് പരീക്ഷക്കെത്തിയില്ല. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതാതെ മാറിനിന്ന വിഷയങ്ങള്‍ ഇംഗ്ലീഷ് 27, രസതന്ത്രം -25, മലയാളം -25, ഗണിതശാസ്ത്രം -24, ഹിന്ദി -19, ഭൗതികശാസ്ത്രം -23, ജീവശാസ്ത്രം -23, സാമൂഹിക ശാസ്ത്രം -21 എന്നിങ്ങനെയാണ് ഹാജരാവാതിരുന്ന കുട്ടികളുടെ എണ്ണം. ഐ.ടി പരീക്ഷക്ക് 22 കുട്ടികള്‍ ഹാജരായില്ല. 176 ആണ്‍കുട്ടികളും 56 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതാതെ മാറിനിന്നവർ.
സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണ് പരീക്ഷ എഴുതാത്തവരിൽ ഭൂരിഭാഗവും. എയ്ഡഡ് സ്കൂളിലുള്ള ഒരു വിദ്യാര്‍ഥി ഒരു പരീക്ഷയും എഴുതിയില്ല.
പരീക്ഷ കാലഘട്ടങ്ങളില്‍ കൂടുതല്‍ പ്രയാസമനുഭവിക്കുന്ന വിഷയങ്ങളില്‍ പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട വിദ്യാഭ്യാസ വകുപ്പ് ജില്ലയില്‍ നിശ്ചലമായിരുന്നു. പരീക്ഷ സമയങ്ങളില്‍ പോലും ജില്ലയിലെ വിദ്യാഭ്യാസ അധികാരികളുടെ കസേര ഒഴിഞ്ഞ് കിടക്കുകയായിരുന്നു. മറ്റ് സമയങ്ങളില്‍ അവധിയെടുത്ത് മാറിനില്‍ക്കുന്നതാണ് പതിവ്.
ഭൗതിക ശാസ്ത്രം, ഗണിതം, രസതന്ത്രം, ഇംഗ്ലീഷ് വിഷയങ്ങളിലാണ് മിക്ക വിദ്യാര്‍ഥികളും പിന്നാക്കം പോയത്. ഗോത്ര വിഭാഗം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടും ഹാജരാവാതിരുന്നതും പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അശ്രദ്ധയാണെന്ന അഭിപ്രായം ഉയരുന്നുണ്ട്.
പകുതി സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്കും ജില്ല ശരാശരിക്കൊപ്പമെത്താനായില്ല. പരീക്ഷയെത്താറായിട്ടും വിവിധ ഭാഷാ വിഷയങ്ങളുടെയും പ്രധാനധ്യാപകരുടെയും ഒഴിവുകൾ നികത്താന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കാതിരുന്നതും ജില്ല പിന്നിലാവാന്‍ കാരണമായി. ജില്ലയിലെ അക്കാദമിക പിന്തുണയും പരിശീലനവും വിലയിരുത്തല്‍ പ്രക്രിയയും നടത്തേണ്ട സംവിധാനം താളം തെറ്റിയ അവസ്ഥയിലായിരുന്നു. മുന്‍ വര്‍ഷങ്ങളിലെല്ലാം തുടര്‍ച്ചയായി പിന്നിലായ സ്കൂളുകളെയും വിഷയങ്ങളെയും കണ്ടെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നല്‍കേണ്ടവരും കുറ്റകരമായ അനാസ്ഥയാണ് വിഷയത്തിൽ കാണിക്കുന്നത്.
വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാനായുള്ള നിരവധി പദ്ധതികള്‍ ജില്ല പഞ്ചായത്ത് പ്രഖ്യാപിച്ച് ഫണ്ട് വകയിരുത്തിയിട്ടും നടപ്പാക്കേണ്ടവർക്ക് താല്പര്യമില്ലാത്തതിനാല് ലക്ഷ്യം കാണാതെ പോയി.
പരീക്ഷ ഫലം വരുന്ന ദിവസങ്ങളിലെ അവലോകനവും ആവേശവും തുടര്ന്നുണ്ടാവാതെ പോവുന്നതും വര്‍ഷങ്ങളായി കാണുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.