സുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരിയിലെ കോഓപറേറ്റിവ് അർബൻ ബാങ്കിലെ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പാർട്ടി നിയോഗിച്ച അന്വേഷണ സമിതി ബാങ്കിൽ തെളിവെടുപ്പ് പൂർത്തിയാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച കെ.പി.സി.സിക്ക് കൈമാറുമെന്ന് അന്വേഷണ സമിതി പറഞ്ഞു. റിപ്പോർട്ട് വിലയിരുത്തിയതിനുശേഷമായിരിക്കും ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നടപടി വേണോ എന്ന് കെ.പി.സി.സി പ്രസിഡൻറ് തീരുമാനിക്കുക.
രണ്ടു ദിവസങ്ങളിലായി 25ഓളം പരാതികളാണ് അന്വേഷണ സമിതിക്കു മുമ്പാകെ എത്തിയത്. പ്രഥമദൃഷ്ട്യ അഴിമതി നടന്നോ എന്നു പറയാൻ അന്വേഷണ സമിതി അംഗങ്ങൾ തയാറായിട്ടില്ല. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെ മൂന്നു നേതാക്കൾക്കെതിരെയാണ് കോഴ ആരോപണം ഉയർന്നത്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഡി.സി.സി പ്രസിഡൻറിന് സമർപ്പിച്ചതിനുശേഷമാണ് കെ.പി.സി.സിക്ക് കൊടുക്കുക എന്നാണ് അന്വേഷണ സമിതി അംഗം ഡി.പി. രാജശേഖരൻ പറഞ്ഞത്. ഇടതുപക്ഷം ഇപ്പോഴും സമരത്തിലാണ്. ആരോപണവിധേയനായ എം.എൽ.എ രാജിവെക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.